ദോഹ– രാജ്യത്തെ ആദ്യത്തെ സിഎൻജിയിൽ പ്രവർത്തിക്കുന്ന ട്രക്ക് പുറത്തിറക്കി സീഷോർ ഗ്രൂപ്പിന്റെ വിഭാഗമായ സീഷോർ ഓട്ടോമൊബൈൽസ്. ഇത് ഖത്തർ ഗതാഗത മേഖലയിൽ ഒരു നാഴികകല്ലായി മാറും. മിന തുറമുഖത്ത് വെച്ചാണ് ട്രക്ക് അനാച്ഛാദനം ചെയ്തത്. ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യമാക്കി കൊണ്ടാണ് സിഎൻജി ട്രക്ക് പുറത്തിറക്കിയത്.


റെഡി-മിക്സ് ഖത്തറിന്റെ ജനറൽ മാനേജർ ജോനാഥൻ ബ്രൂക്സിന് സീഷോർ ഗ്രൂപ്പ് വൈസ് ചെയർമാൻ സഖർ സയീദ് എസ്.എ അൽ-മോഹനദി ഔദ്യോഗികമായി കൈമാറി. കൈമാറ്റ ചടങ്ങിൽ സീഷോർ ഗ്രൂപ്പ് ജനറൽ മാനേജർ നിസ്സാം മുഹമ്മദ് അലി, സയീദ് സഖർ എസ്.എ അൽ-മോഹനദി, സിനോട്രക്ക് പ്രതിനിധി മോർവെൻ, റെഡി-മിക്സ് ഖത്തറിൽ നിന്നുള്ള മുതിർന്ന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വിവിധ വിശിഷ്ടാതിഥികളും വ്യവസായ പ്രമുഖരും പങ്കെടുത്തു. 2017 മുതൽ ഖത്തറിലെ സിനോട്രക്കിന്റെ അംഗീകൃത ഡീലറാണ് സീഷോർ ഓട്ടോമൊബൈൽസ്.


ഖത്തറിന്റെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് സിനോട്രക്ക് സിഎൻജി ട്രക്കിന്റെ ലോഞ്ച്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കൈവരിക്കാൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) സാങ്കേതികവിദ്യ സഹായിക്കുന്നു. ഡീസൽ എഞ്ചിനുകളെ അപേക്ഷിച്ച് സിഎൻജി ട്രക്കുകൾ 25% വരെ കുറവ് CO2 ഉം 80% കുറവ് കണികാ പദാർത്ഥവുമാണ് പുറന്തള്ളുക. കൂടാതെ, ഇതിന്
കുറഞ്ഞ പ്രവർത്തനച്ചെലവ് മാത്രമേ വരുന്നുള്ളു. മെച്ചപ്പെട്ട എഞ്ചിൻ ആയുസും മറ്റൊരു നേട്ടമാണ്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ആഭ്യന്തരമായി ലഭ്യമാകുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും.