ദോഹ– കവാടം ബുക്സ് പ്രസിദ്ധീകരിച്ച ‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ’ എന്ന പഠന ഗ്രന്ഥത്തിൻ്റെ ഖത്തർതല പ്രകാശനം നടന്നു. പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും പരിപാടി ശ്രദ്ധേയമായി. മധ്യ നൂറ്റാണ്ടിൽ നിന്ന് ആധുനിക യുഗത്തിൽ എത്തിയപ്പോൾ ശാസ്ത്രത്തിന് അതിൻ്റെ മാനവിക, ധാർമിക മുഖം നഷ്ടപ്പെട്ടതായി പ്രകാശന വേദി അഭിപ്രായപ്പെട്ടു. ദൈവവിശ്വാസത്തിൻ്റെ കൂടി പിൻബലത്തിലായിരുന്നു മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര വിപ്ലവമെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ടോളമിക്കും ഗലീലിയോയ്ക്കും ഇടയിലുള്ള കാലഘട്ടം ഇരുണ്ടയുഗമാണെന്ന പൊതു ധാരണയെ തിരുത്താൻ ഈ ഗ്രന്ഥം കൊണ്ട് സാധ്യമാകുമെന്നും പരിപാടി അഭിപ്രായപ്പെട്ടു.


മലയാളത്തിലെ സമഗ്ര ഇസ്ലാമിക ഓൺലൈൻ പോർട്ടലായ കവാടം ഡോട്ട് കോം സി ഇ ഒയും പുസ്തകത്തിൻ്റെ എഡിറ്ററുമായ ഡോ. ജാബിർ അമാനി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. 320 പേജുകളുള്ള പുസ്തകത്തിൻ്റെ ചീഫ് എഡിറ്റർ എഴുത്തുകാരനും പണ്ഡിതനുമായ അബ്ദുൽ ജബ്ബാർ തൃപ്പനച്ചി ആണ്. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി ഡോ. കെ. മുഹമ്മദ് ബഷീർ ആമുഖം എഴുതിയ പുസ്തകം മധ്യ നൂറ്റാണ്ടുകളിലെ 48 ശാസ്ത്ര പ്രതിഭകളുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്.
ദോഹയിലെ സംസം റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ സി ബി എഫ് സെക്രട്ടറി ജാഫർ തയ്യിൽ, കൂടാതെ ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ സി സാബു, എഴുത്തുകാരനും ഫാമിലി ട്രൈനറുമായ ഡോ. താജ് ആലുവ, ഇസ്ലാം ഓൺ വെബ് ഡയറക്ടർ ഫൈസൽ നിയാസ് ഹുദവി, കവാടം ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് നല്ലളം, എഫ് സി സി ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, മുജീബ് റഹ്മാൻ മദനി, അതീഖ് റഹ്മാൻ, ജി പി കുഞ്ഞാലിക്കുട്ടി, ഷംല ജാഫർ, ഹാരിസ് പി. ടി, നസീർ പാനൂർ, ഡോ. റസീൽ മൊയ്തീൻ, അഫ്നിത പുളിക്കൽ, ഫൈസൽ സലഫി, ഷമീർ പി കെ, ഹമദ് ബിൻ സിദ്ധീഖ്, അസ്ലം താജ്, ഫഹ്സിർ റഹ്മാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. മിദ്ലാജ് ലത്തീഫ്, മുഹമ്മദ് റാഫി, നിജാസ്, അലി റഷാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ചടങ്ങിൽ ഐ സി സി, ഐ സി ബി എഫ്, എഫ് സി സി ലൈബ്രറികൾക്കായുള്ള പുസ്തകങ്ങൾ കൈമാറി.
പുസ്തകത്തിൻ്റെ കോപ്പികൾ ദോഹയിൽ ലഭ്യമാണ്. മാത്രമല്ല നവംബർ 7, വെള്ളിയാഴ്ച ഷാർജ ബുക്ക്ഫെയറിൽ വെച്ച് യു എ ഇ തല പ്രകാശനം നടക്കുമെന്നും പുസ്തകം ബുക് ഫെയറിൽ ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.



