ജിദ്ദ: സൗദി അറേബ്യക്കും ചൈനക്കും ഇടയിൽ വ്യാപാരം മെച്ചപ്പെടുത്താനായി സൗദിയ കാർഗോയും ചൈന എയർലൈൻസ് കാർഗോയും ദുബായിൽ നടന്ന വേൾഡ് കാർഗോ അലയൻസ് സമ്മേളനത്തിൽ വെച്ച് ധാരണാപത്രം ഒപ്പുവച്ചു. വർധിച്ചുവരുന്ന ആഗോള വിപണി ആവശ്യകതകൾക്ക് അനുസൃതമായി കയറ്റുമതി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നൂതന ലോജിസ്റ്റിക് സേവനങ്ങൾ നൽകാനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.
സൗദി വിഷൻ 2030, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ തരത്തിലുള്ള വ്യാപാര വിനിമയങ്ങളെ പിന്തുണക്കുന്ന വഴക്കമുള്ള വിതരണ ശൃംഖലകൾ ധാരണാപത്രം ഉറപ്പാക്കുന്നു. സംയുക്ത മാർക്കറ്റിംഗ്, പ്രമോഷണൽ പ്രവർത്തനങ്ങൾ, തന്ത്രങ്ങൾ, കാർഗോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, വിലനിർണയ തന്ത്രങ്ങൾ, ഉയർന്ന കൃത്യതയുള്ള പരിചരണവും നിരീക്ഷണവും ആവശ്യമുള്ള സാധനങ്ങൾ കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമമായ പരിഹാരങ്ങൾ സ്വീകരിക്കൽ എന്നിവയുൾപ്പെടെ സഹകരണവും ഭാവി വളർച്ചയും വർധിപ്പിക്കാനുള്ള ചട്ടക്കൂട് ധാരണാപത്രം സജ്ജമാക്കുന്നു.
ചൈന എയർലൈൻസ് കാർഗോയമായുള്ള ധാരണാപത്രം സുപ്രധാന ചുവടുവെപ്പാണെന്ന് സൗദിയ കാർഗോ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ എൻജിനീയർ ലുഅയ് മശ്അബി പറഞ്ഞു. ചൈനീസ് വിപണികളിലേക്കുള്ള കയറ്റുമതി വിപുലീകരിക്കാനും ആഗോള വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നൂതന ലോജിസ്റ്റിക് സേവനങ്ങൾ നൽകാനും ചൈനീസ് കമ്പനിയുമായുള്ള സഹകരണത്തിലൂടെ ആഗ്രഹിക്കുന്നു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ഫലപ്രദമായ സംഭാവന നൽകാൻ ആഗ്രഹിക്കുന്ന പ്രമുഖ ആഗോള കാർഗോ കമ്പനി എന്ന നിലയിൽ ഈ പങ്കാളിത്തം സൗദിയ കാർഗോയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും എൻജിനീയർ ലുഅയ് മശ്അബി പറഞ്ഞു.
സൗദിയ കാർഗോയുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചൈന എയർലൈൻസ് കാർഗോ പ്രസിഡന്റ് വാങ് ജിയാൻമിൻ പറഞ്ഞു. ഇരു കമ്പനികളുടെയും ശേഷികളും വിഭവങ്ങളും സംയോജിപ്പിക്കുന്നത് ഉപഭോക്താക്കൾക്ക് ഗണ്യമായ മൂല്യം നൽകാനും ഏഷ്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കാനും സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് സൗദി വിഷൻ 2030, ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് എന്നിവയെ പൂരകമാക്കുന്നു. ഭാവിയിൽ സുഗമമായ സഹകരണവും ഫലപ്രദമായ ഫലങ്ങളും ഉറപ്പാക്കാൻ ഇരു കമ്പനികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന എക്‌സിക്യൂട്ടീവ് ടീമിന്റെ രൂപീകരണവും ധാരണാപത്രത്തിൽ ഉൾപ്പെടുന്നതായി വാങ് ജിയാൻമിൻ പറഞ്ഞു.
ദീർഘകാലമായി സൗദി അറേബ്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. സൗദി അറേബ്യയുടെ ആകെ കയറ്റുമതിയുടെ 17 ശതമാനം ചൈനയിലേക്കാണ്. സൗദി അറേബ്യ ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ നിന്നാണ്. ഇത് ഈ വ്യാപാര ഇടനാഴിയുടെ വർധിച്ചുവരുന്ന പ്രാധാന്യവും അതിന്റെ ഭാവി വളർച്ചാ സാധ്യതയും വ്യക്തമാക്കുന്നു.
സൗദിയ കാർഗോ നിലവിൽ പ്രധാന ചൈനീസ് നഗരങ്ങളിലേക്ക് പ്രതിവാരം 20 വിമാന സർവീസുകൾ നടത്തുന്നുണ്ട്. യാത്രാ വിമാനങ്ങളുടെ കാർഗോ ശേഷി ഉപയോഗപ്പെടുത്തി പ്രതിവാരം അഞ്ച് അധിക സർവീസുകളും ചൈനയിലേക്ക് നടത്തുന്നുണ്ട്. കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താനായി സൗദിയ കാർഗോ അടുത്തിടെ ചൈനയിലെ ഷെങ്‌ഷോ സിൻഷെങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുതിയ കാർഗോ റൂട്ടുകൾ ആരംഭിച്ചു. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, വ്യാപാരികൾ, ലോജിസ്റ്റിക് ദാതാക്കൾ എന്നിവരുമായി സഹകരിച്ച് ചരക്ക് ഗതാഗതം സുഗമമാക്കാൻ ഇത് സഹായിക്കുന്നു.