മക്ക– ചെറിയ കുപ്പികളിൽ സംസം വെള്ളം ആവശ്യക്കാർ നേരിട്ട് എത്തിച്ചു നൽകുന്ന പുതിയ സേവനം നുസുക് ആപ്പിൽ ആരംഭിച്ചു. ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽറബീഅ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വദേശികൾക്കും സൗദിയിൽ കഴിയുന്ന വിദേശികൾക്കും നുസുക് ആപ്പ് വഴി സംസം വെള്ളം എളുപ്പത്തിൽ വാങ്ങാൻ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 330 മില്ലിയാണ് ഇപ്പോൾ ഏർപ്പെടുത്തിയ കുപ്പികളുടെ അളവ്. ഓർഡറുകളുടെ എണ്ണത്തിനും കുപ്പികളുടെ എണ്ണത്തിനും നിയന്ത്രണങ്ങളൊന്നുമില്ല. സംസം വെള്ളക്കുപ്പികൾ ഉപയോക്താക്കളുടെ വീട്ടിലേക്ക് എത്തിച്ചു നൽകുകയും ചെയ്യും. നേരത്തെ സംസം വെള്ളം വിതരണം ചെയ്തിരുന്നത് അഞ്ചു ലിറ്റർ കുപ്പികളിലാണ്. പുതിയ കുപ്പികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കൊണ്ടു നടക്കാനും കഴിയും.
സംസം വെള്ളം ഏക ഔദ്യോഗിക സ്രോതസ്സായ കിംഗ് അബ്ദുല്ല സംസം വാട്ടർ പദ്ധതിയിയാണ് വിതരണം ചെയ്യുന്നത്. പുണ്യ ജലത്തിന്റെ പവിത്രതയും ശുദ്ധിയും ഗുണനിലവാരവും സംരക്ഷിക്കുക, എല്ലാവർക്കും സംസം വെള്ളം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദ്ധതിയാണ് കിംഗ് അബ്ദുല്ല സംസം വാട്ടർ പ്രൊജക്ട്. വിശ്വാസികൾക്കായി സംസം വെള്ളത്തിന്റെ ലഭ്യത എക്കാലത്തേക്കാളും എളുപ്പമാക്കിയിരിക്കുകയാണ് നുസുക് ആപ്പിലൂടെ ആരംഭിച്ച പുതിയ പദ്ധതി.