റിയാദ്: ബാങ്കുകളുടെ എ.ടി.എമ്മുകളിലേക്ക് പണം കൊണ്ടുപോകുന്ന വാഹനം കവർന്ന് 10 ലക്ഷം റിയാൽ കവർച്ച നടത്തിയ സൗദി യുവാവിന് റിയാദിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. ക്രിമിനൽ സംഘം രൂപീകരിച്ച്, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും വെടിവെച്ചും സായുധ കവർച്ച നടത്തിയ സുൽത്താൻ ബിൻ ശലാൽ ബിൻ ഹമൂദ് അൽസഖ്റൂത്തി അൽശമ്മരിക്കാണ് ശിക്ഷ വിധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതി, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും, അവർക്ക് നേരെ വെടിയുതിർക്കുകയും, ഔദ്യോഗിക വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും, ഏതാനും പേരെ പരിക്കേൽപ്പിക്കുകയും, പൊതുസ്വത്ത് നശിപ്പിക്കുകയും, പൊതുജനങ്ങളെ ഭയപ്പെടുത്തുകയും, വാഹനം മോഷ്ടിക്കുകയും, തോക്കുകളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും, മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.