ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാം പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ആഗോള മുസ്ലിം വേദിയായ മുസ്ലീം വേൾഡ് ലീഗ് (റാബിത്വ). നിരവധി നിരപരാധികൾക്ക് ജീവഹാനി ഉണ്ടായ ഭീകര സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ വേൾഡ് ലീഗ്, ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. ബുധനാഴ്ച്ച വൈകീട്ട് സംഘടന പുറത്തിറക്കിയ പ്രത്യേക പ്രസ്താവന ഭീകരാക്രമണത്തെ എല്ലാ അർത്ഥത്തിലും നിരാകരിക്കുന്നതായും അതോടൊപ്പം, അതിനെ ഏതെങ്കിലും മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളെയും തള്ളിക്കളയുന്നതായും ഊന്നിപ്പറഞ്ഞു.
ഭീകരത സംബന്ധിച്ചുള്ള തങ്ങളുടെയും എല്ലാ മുസ്ലിം രാജ്യങ്ങളുടെയും നിലപാട് ഇത് തന്നെയാണെന്നും റാബിത്വ പ്രസ്താവന തുടർന്നു. പാകിസ്ഥാൻ കൂടി സജീവ അംഗമാണ് വിശുദ്ധ മക്ക ആസ്ഥാനമായ മുസ്ലിം വേൾഡ് ലീഗ്. സംഭവത്തിൽ പരിക്കേറ്റവരുടെ നില എത്രയും വേഗത്തിൽ ഭേദപ്പെടട്ടെയെന്നും പ്രസ്താവന പ്രാർത്ഥിച്ചു.
പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം വളരെ അർത്ഥവത്താണെന്നും റാബിത്വ പ്രസ്താവന തുടർന്നു. തീവ്രവാദത്തെയും അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലുമുള്ള അക്രമാസക്തമായ നീക്കങ്ങളെയും അപലപിച്ച സൗദി – ഇൻഡോ സംയുക്ത പ്രസ്താവന ഭീകരതയെ മതം, വംശം, സംസ്കാരം എന്നിവയുമായി അതിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരാകരിക്കുന്നുണ്ട്.
തീവ്രവാദത്തിന് ധനസഹായം നൽകൽ, അതിർത്തി കടന്നുള്ള ഭീകരത, അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കൽ, കുറ്റവാളികളെ നീതിപീഠത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കൽ എന്നിവ സംബന്ധിച്ച വിഷയങ്ങളിലുള്ള സൗദി – ഇന്ത്യൻ സഹകരണത്തെ റാബിത്വ ജനറൽ സെക്രട്ടേറിയറ്റ് പ്രശംസിക്കുകയും ചെയ്തു.