ജിദ്ദ– സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ ലഭ്യമാക്കുന്ന പുതിയ സംവിധാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും നീതിന്യായ മന്ത്രാലയവും ചേർന്ന് ആരംഭിച്ചു. ഡോക്യുമെന്റ് ചെയ്ത തൊഴിൽ കരാറിലെ വേതന വ്യവസ്ഥ എൻഫോഴ്സ്മെന്റ് രേഖയായി അംഗീകരിച്ചതാണ് പുതിയ തീരുമാനം.
ഇതനുസരിച്ച് വേതനം ലഭിക്കാത്ത സാഹചര്യത്തിൽ, അധിക രേഖകളുടെ ആവശ്യമില്ലാതെ, തൊഴിലാളിയെ എൻഫോഴ്സ്മെന്റ് അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുന്ന നിയമപരമായ രേഖയാണ് വേതന വ്യവസ്ഥ. ഇത്തരം അപേക്ഷകളിൽ മദദ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുക. എൻഫോഴ്സ്മെന്റ് രേഖയുടെ പ്രയോജനം ലഭിക്കാൻ തൊഴിൽ കരാർ ഖിവാ പ്ലാറ്റ്‌ഫോം വഴി ഡോക്യുമെന്റ് ചെയ്യുകയും നീതിന്യായ മന്ത്രാലയത്തിന്റെ ഡോക്യുമെന്റേഷൻ സെന്ററിൽ നിന്ന് എൻഫോഴ്സ്മെന്റ് നമ്പർ നേടുകയും വേണം.
നിശ്ചിത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് വേതനം ലഭിച്ചില്ലെങ്കിലും ഭാഗികമായി വേതനം ലഭിച്ച് 90 ദിവസത്തിനു ശേഷവും നാജിസ് പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് എൻഫോഴ്സ്മെന്റ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അറിയിപ്പ് ലഭിക്കുന്ന തീയതി മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ട്.
മൂന്നു ഘട്ടങ്ങളായാണ് പുതിയ തീരുമാനം നടപ്പാക്കുക. പുതിയതോ പുതുക്കിയതോ ആയ തൊഴിൽ കരാറുകൾ 2025 ഒക്ടോബർ ഇന്ന് മുതൽ പുതിയ തീരുമാനത്തിന്റെ പരിധിയിൽവരും. പ്രത്യേകം കാലയളവ് നിശ്ചയിച്ച, പുതുക്കിയ തൊഴിൽ കരാറുകൾക്ക് 2026 മാർച്ച് ആറു മുതലും പ്രത്യേകം കാലയളവ് നിർണയിക്കാത്ത തൊഴിൽ കരാറുകൾക്ക് 2026 ഓഗസ്റ്റ് 6 മുതലും പുതിയ തീരുമാനം ബാധകമാകും. പുതിയ തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നത് വിവിധ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും നടപടിക്രമങ്ങളുമായി പൊരുത്തപ്പെടാനുള്ള അവസരം നൽകും.
നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, നടപടിക്രമങ്ങൾ, ഗുണഭോക്തൃ വിഭാഗങ്ങൾ, അപേക്ഷാ സംവിധാനങ്ങൾ എന്നിവയുടെ വിശദാംശങ്ങളും പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടികളും ഉൾപ്പെടുന്ന മാർഗനിർദേശങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി, വ്യക്തതയിലും സുതാര്യതയിലും അധിഷ്ഠിതമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാനും കരാറിൽ ഉൾപ്പെട്ട കക്ഷികളുടെ വിശ്വാസം വർധിപ്പിക്കാനും മന്ത്രാലയം ആരംഭിച്ച വികസന പാതകളിൽ ഒന്നാണ് ഡോക്യുമെന്റ് ചെയ്ത തൊഴിൽ കരാർ എൻഫോഴ്സ്മെന്റ് രേഖയായി അംഗീകരിക്കാനുള്ള പുതിയ തീരുമാനം. ഇത് മൂലം തർക്കങ്ങൾ കുറക്കുകയും കരാർ ബന്ധങ്ങളുടെ നിലവാരം ഉയർത്താനും സഹായിക്കുന്നു. ഡോക്യുമെന്റ് ചെയ്ത തൊഴിൽ കരാറുകളുള്ള മുഴുവൻ തൊഴിലാളികൾക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എല്ലാ കരാർ കക്ഷികളുമായും ഇടപെടുന്നതിൽ പദ്ധതിയുടെ സമഗ്രതയും നീതിയും ഇത് പ്രതിഫലിപ്പിക്കുന്നത്.