ജിദ്ദ – ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് അവഗണിക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാവുക. ദാഹം അനുഭവപ്പെടുന്നത് കുറവായതിനാൽ തണുത്ത കാലാവസ്ഥയിൽ നിർജലീകരണം കൂടുതൽ അപകടകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വെള്ളം കുടി കുറയുന്നത് ക്ഷീണം, തലവേദന, ശ്രദ്ധക്കുറവ്, മൂത്രമൊഴിക്കുമ്പോൾ വേദന, വരണ്ട വായ, മൂത്രത്തിന്റെ നിറത്തിലെ മാറ്റം, കടുത്ത ദുർഗന്ധം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ലൈവ് ഹെൽത്തി ആരോഗ്യ അവബോധ പ്ലാറ്റ്‌ഫോമിലൂടെ മന്ത്രാലയം വിശദീകരിച്ചു.
എപ്പോഴും വാട്ടർ ബോട്ടിൽ കൈവശം വെക്കുക, ജ്യൂസുകൾക്കും ശീതളപാനീയങ്ങൾക്കും പകരം വെള്ളം തെരഞ്ഞെടുക്കുക, ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ചെറുനാരങ്ങ കലക്കിയ വെള്ളം എന്നിവയടക്കം ദൈനംദിന ശീലമാക്കാൻ സഹായിക്കുന്ന ഏതാനും നുറുങ്ങുകൾ ലൈവ് ഹെൽത്തി പ്ലാറ്റ്ഫോം മുന്നോട്ടു വെച്ചു. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണമെന്നും ശൈത്യകാലം മുഴുവൻ ശരീരത്തിന്റെ സന്തുലിതാവസ്ഥയും ആരോഗ്യവും നിലനിർത്താൻ ദാഹിക്കുന്നതുവരെ കാത്തിരിക്കരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.



