റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാത്രി സൗദി പ്രസ് ഏജൻസി പ്രസിദ്ധീകരിച്ച ജാഗ്രതാ നിർദേശത്തിൽ മക്ക, റിയാദ് തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തമാകുമെന്നാണ് പ്രവചനം.
മക്കയിൽ മിതമായ തോതിലും ശക്തമായ തോതിലും മഴയും ആലിപ്പഴ വർഷവും കാറ്റും പ്രതീക്ഷിക്കുന്നതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. റിയാദിൽ മിതമായ മഴ മുതൽ കനത്ത മഴയും പ്രതീക്ഷിക്കുന്നു. തെക്കുപടിഞ്ഞാറൻ നജ്റാനിൽ മിതമായ മഴ ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.
മദീനയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, അൽ-ബഹ, അസീർ, ജസാൻ, സെൻട്രൽ ഖാസിം, ഹായിൽ, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.