ജിദ്ദ – ഉംറ കര്‍മം നിര്‍വഹിക്കാനും സൗദിയിലെ വിവിധ പ്രവിശ്യകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും തങ്ങളുടെ വിദേശ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ സൗദി പൗരന്മാര്‍ക്ക് വ്യക്തിഗത വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഈ വിസകളില്‍ വിദേശികള്‍ക്ക് ഒറ്റത്തവണയോ പലതവണയോ സൗദിയില്‍ വന്നുപോകാന്‍ സാധിക്കും. 90 ദിവസം മുതല്‍ 365 ദിവസം വരെയാണ് വിസക്ക് സാധുതയുള്ളത്. വിസയില്‍ പരമാവധി 90 ദിവസം വരെ സൗദിയില്‍ താമസിക്കാവുന്നതാണ്.
ഇത്തരം വിസകളില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമില്ല. നടപടിക്രമങ്ങള്‍ ലളിതമാക്കാനും സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വിദേശ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോം വഴി ഇലക്‌ട്രോണിക് രീതിയിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.



