വാഷിംഗ്ടണ്‍ – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജകുമാരനും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പായി അമേരിക്കയും ബഹ്റൈനും സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇതൊരു സുപ്രധാന കരാറാണെന്ന്, ബഹ്റൈന്‍ വിദേശ മന്ത്രി അബ്ദുല്ല ബിന്‍ റാശിദ് അല്‍സയാനിക്കൊപ്പം കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇത് കൂടുതല്‍ ആഴത്തിലുള്ള സിവില്‍ ആണവ സഹകരണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ആണവായുയുധങ്ങള്‍ നിര്‍മിക്കാനോ അയല്‍ രാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകാനോ ഉദ്ദേശിച്ചിട്ടില്ലാത്ത സിവില്‍ ആണവ പദ്ധതി പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവുമായും പങ്കാളിത്തം സ്ഥാപിക്കാനുള്ള അമേരിക്കയുടെ സന്നദ്ധത ഈ കരാര്‍ പ്രകടമാക്കുന്നതായും ഇറാനെ കുറിച്ച സൂചന നല്‍കി റൂബിയോ പറഞ്ഞു. ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായിലും അമേരിക്കയും ആരോപിക്കുന്ന ഇറാന്റെ പേര് റൂബിയോ പ്രത്യേകം പരാമര്‍ശിച്ചില്ല.
ജൂണ്‍ 13 ന് ഇറാനെതിരെ ഇസ്രായില്‍ ആരംഭിച്ച 12 ദിവസത്തെ യുദ്ധത്തിന്റെ ഭാഗമായി, ജൂണ്‍ 22 ന് തെറാന് തെക്ക് ഭാഗത്തുള്ള ഭൂഗര്‍ഭ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും മധ്യ ഇറാനിലെ ഇസ്ഫഹാന്‍, നതാന്‍സ് ആണവ കേന്ദ്രങ്ങളിലും അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ബഹ്റൈന്‍ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയാണ്. യു.എസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവും ഇവിടെയാണ്.
ആണവ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങിന് ശേഷം ട്രംപ് ബഹ്റൈന്‍ കിരീടാവകാശിയെ വൈറ്റ് ഹൗസില്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ബഹ്‌റൈന്‍ 17 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശി അറിയിച്ചു. ഇത് യഥാര്‍ഥ പണമാണ്. ഇവ വ്യാജ കരാറുകളല്ല – ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കിരീടാവകാശി ട്രംപിനോട് തമാശ രൂപേണ പറഞ്ഞു.
പന്ത് അവരുടെ കോര്‍ട്ടിലാണെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചകളില്‍ നിന്ന് പ്രയോജനം ലഭിക്കുക അവര്‍ക്കാണ് – ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയെ കുറിച്ച് അമേരിക്കയുമായി ചര്‍ച്ചക്ക് മുതിരണമോ എന്ന് ചോദ്യത്തിന് മറുപടിയായി ബഹ്റൈന്‍ കിരീടാവകാശി പറഞ്ഞു. ഇസ്രായിലും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉറപ്പാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് സ്‌പോണ്‍സര്‍ ചെയ്ത അബ്രഹാം കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ബഹ്റൈന്‍.