ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ റമദാനില്‍ 50 ശതമാനം വരെ ടിക്കറ്റ് ഇളവ്. ഇക്കോണമി ക്ലാസ് ടിക്കറ്റില്‍ 50 ശതമാനം വരെയും ബിസിനസ് ക്ലാസ് ടിക്കറ്റില്‍ 30 ശതമാനം വരെയുമാണ് പ്രത്യേക ഇളവ് ലഭിക്കുന്നത്. ജിദ്ദ സുലൈമാനിയ സ്റ്റേഷനില്‍ നിന്ന് മക്കയിലേക്കും ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്നവര്‍ക്കു മാത്രമാണ് ടിക്കറ്റ് ഇളവ് ലഭിക്കുന്നത്.
സുലൈമാനിയ സ്റ്റേഷനില്‍ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസില്‍ 23 റിയാലാണ് ടിക്കറ്റ് നിരക്ക്. സുലൈമാനിയ-മക്ക റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 58 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസില്‍ 34 റിയാലാണ് ടിക്കറ്റ് നിരക്ക്. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ബിസിനസ് ക്ലാസില്‍ 78 റിയാല്‍ മുതലാണ് നിരക്കുകള്‍.
ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസില്‍ 97 റിയാല്‍ മുതലും ബിസിനസ് ക്ലാസില്‍ 226 റിയാല്‍ മുതലുമാണ് നിരക്കുകള്‍. ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ബില്യണ്‍ കണക്കിന് റിയാല്‍ ചെലവഴിച്ച് 450 കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാക്കിയ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ 2018 ലാണ് ഉദ്ഘാടനം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group