ജിദ്ദ- ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒറ്റ വിസയ്ക്കുള്ള ‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ’ നടപ്പാക്കുന്നതിന് ഗള്‍ഫിലെ പാസ്‌പോര്‍ട്് വകുപ്പുകള്‍ തമ്മില്‍ കരാറിലെത്തി. ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ജി.സി.സി രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍മാരും ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിലെ പാസ്‌പോര്‍ട്ട് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത ഏകോപന യോഗത്തിലാണ് ധാരണയിലെത്തിയത്. ഇന്നലെ റിയാദിലായിരുന്നു യോഗം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള ഷെന്‍ഗന്‍ വിസക്ക് സമാനമായ ഒറ്റ വിസയാണ് ആറു ഗള്‍ഫ് രാജ്യങ്ങളും നടപ്പിലാക്കുക. പാസ്‌പോര്‍ട്ട് മേഖലയില്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും ഏകോപനവും ശക്തിപ്പെടുത്താനും പരിചയസമ്പത്ത് കൈമാറാനും യോഗത്തില്‍ ധാരണയായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചാരം സുഗമമാക്കാനും അത്തരത്തില്‍ സംവിധാനങ്ങള്‍ ക്രമപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളെ ജി.സി.സി സെക്രട്ടറി ജനറല്‍ ജസീം അല്‍ബുദൈവി അഭിനന്ദിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതിക വികസനങ്ങളും സുരക്ഷാ ആവശ്യകതകളും നിറവേറ്റാന്‍ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അല്‍ബുദൈവി പറഞ്ഞു. ലോക രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഗള്‍ഫിലെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വ്വുണ്ടാക്കാനും ഒറ്റ വിസ സഹായകരമാവും.