റിയാദ്- പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശയാത്രക്ക് തുടക്കമായി. പ്രസിഡന്റായ ശേഷം ആദ്യമായുള്ള വിദേശയാത്രക്ക് സൗദിയെ തെരഞ്ഞെടുത്ത ഡോണൾഡ് ട്രംപിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ആകാശത്ത് സൗദിയുടെ ജെറ്റർ വിമാനങ്ങൾ ട്രംപിന് അകമ്പടി സേവിച്ചു. റിയാദ് വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ സ്വീകരിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ ട്രംപിനൊപ്പം സൗദി കോഫിയും കുടിച്ച് വിശേഷങ്ങൾ പങ്കിട്ടു.
ജനുവരി 20 ന് അധികാരമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനമാണിത്.
എയർഫോഴ്സ് വൺ ഏകദേശം രാവിലെ 9:50 നാണ് റിയാദിൽ ഇറങ്ങിയത്. ലാൻഡിംഗിന് മുമ്പ് സൗദി എഫ് -15 യുദ്ധവിമാനങ്ങളുടെ അകമ്പടിയാണ് ട്രംപിന് നൽകിയത്. രണ്ട് പ്രസിഡന്റ് കാലാവധികളിലായി രണ്ടാം തവണയാണ് ട്രംപ് സൗദിയിൽ എത്തുന്നത്. ഗാസയിലെ അടിയന്തര നയതന്ത്രവും വലിയ ബിസിനസ് കരാറുകളും സംയോജിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു “ചരിത്രപരമായ” പര്യടനമാണ് ട്രംപ് നടത്തുന്നത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ട്രംപിന്റെ സന്ദർശനത്തെ കാത്തിരിക്കുന്നത്.