ദമാം – സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ പുതിയ ടോള്‍ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിലൂടെ കോസ്‌വേ അതോറിറ്റി ലക്ഷ്യമിടുന്നത്. കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും 35 റിയാലും മിനി ബസുകള്‍ക്ക് 55 റിയാലും വലിയ ബസുകള്‍ക്ക് 70 റിയാലും ട്രക്കുകള്‍ക്ക് ഓരോ ടണ്ണിനും 7 റിയാല്‍ തോതിലുമാണ് പുതിയ ടോള്‍ നിരക്കുകള്‍. വികലാംഗര്‍, വിദ്യാര്‍ഥികള്‍, പതിവായി (ദിവസേന) യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിലവിലെ ടോള്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.
ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും എല്ലാ യാത്രക്കാരും ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുപ്രധാന പാതയായ കോസ്വേയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു.
കോസ്വേയില്‍ ഇതുവരെ കാറുകള്‍ക്ക് 25 റിയാലായിരുന്നു ടോള്‍. 2016 ആദ്യത്തിലാണ് 20 റിയാലില്‍ നിന്ന് 25 റിയാലായി കാറുകള്‍ക്കുള്ള ടോള്‍ ഉയര്‍ത്തിയത്. 1986 ല്‍ കോസ്‌വേ ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് 2016 ല്‍ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തിയത്. 1981 ജൂലൈ എട്ടിന് നിര്‍മാണം ആരംഭിച്ച കിംഗ് ഫഹദ് കോസ്‌വേ 1986 നവംബര്‍ 12 നാണ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്.



