റിയാദ് – തലസ്ഥാന നഗരിയിലെ മെയിന്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും അമിത വേഗതയിലും ഗതാഗത നിയമങ്ങള്‍ ലംഘിച്ചും വാഹനങ്ങളോടിക്കുകയും ചെയ്ത മൂന്നു യുവാക്കളെ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തിയ രണ്ടു സിറിയക്കാരുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സംഭവത്തില്‍ പങ്കുള്ള മറ്റേതാനും പേരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുന്നതായി റിയാദ് പോലീസ് അറിയിച്ചു. നിരവധി യുവാക്കള്‍ ട്രൈലറുകളും കാറുകളും മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട് നൃത്തം ചെയ്യുകയും മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത നിലക്ക് നിരനിരയായി വാഹനമോടിച്ച് ഗതാഗത തടസ്സമുണ്ടാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.