റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച് നടുറോഡില്‍ നിന്ന കുഞ്ഞുബാലന്റെ ജീവന്‍ സാഹസികമായി രക്ഷിച്ച സൗദി യുവാവ് അബ്ദുല്ല മദ്‌ലൂല്‍ അല്‍അനസിക്ക് സമ്മാനപ്പെരുമഴ. കാറുകളും പണവും അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കി കമ്പനികളും ഉദാരമതികളും യുവാവിനെ ആദരിച്ചു. വ്യവസായ പ്രമുഖന്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രജാകുമാരന്‍ യുവാവിന് ഏറ്റവും പുതിയ മോഡല്‍ കാറും പണവും സമ്മാനിച്ചു. മറ്റു രണ്ടു കമ്പനികളും യുവാവിന് കാറുകള്‍ സമ്മാനിച്ചു. മറ്റു നിരവധി ഉദാരമതികളും യുവാവിന് പണം കൈമാറി. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് യുവാവിനെ നാട്ടുകാര്‍ ആദരിക്കുകയും ചെയ്തു.
Read More: യുവാവിന്റെ സാഹസികമായ ഇടപെടല്‍ കുഞ്ഞുബാലന് രക്ഷയായി
കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനിടെ കാറുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ നന്നാക്കാനുള്ള ചെലവും ഇരു കാറുകള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള ചെലവും രണ്ടു കാറുകള്‍ക്കും ഒരു വര്‍ഷത്തേക്കുള്ള പെട്രോള്‍ ചെലവും ഉദാരമതികള്‍ ഏറ്റെടുത്തു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് അബ്ദുല്ല അല്‍അനസിക്കും കുഞ്ഞുബാലന്റെ മാതാവിനും വജ്രമോതിരങ്ങള്‍ സമ്മാനിച്ചു.
രണ്ടു ദിവസം മുമ്പാണ് അബ്ദുല്ല അല്‍അനസി കുഞ്ഞുബാലന്റെ ജീവന്‍ രക്ഷിച്ചത്. ഒറ്റക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബാലന്‍ നടുറോഡില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്ത് കാറോടിച്ച് സ്ഥലത്തെത്തിയ അബ്ദുല്ല അല്‍അനസി ബാലന് റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കി കാറിന്റെ വേഗം കുറച്ചു. എന്നാല്‍ റോഡ് മുറിച്ചുകടക്കാതെ ബാലന്‍ നടുറോഡില്‍ നിന്നു. ഈ സമയത്താണ് പിന്‍വശത്തു നിന്ന് അതേ ട്രാക്കിലൂടെ അമിത വേഗതയില്‍ മറ്റൊരു കാര്‍ വരുന്നത് അബ്ദുല്ല അല്‍അനസിയുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ബാലന് സുരക്ഷയൊരുക്കി തന്റെ കാര്‍ അബ്ദുല്ല അല്‍അനസി രണ്ടാമത്തെ ട്രാക്കിലേക്ക് കയറ്റിയിടുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ കാര്‍ അപ്രതീക്ഷിതമായി ട്രാക്കില്‍ മറ്റൊരു കാര്‍ നിര്‍ത്തിയിട്ടത് കണ്ട് ഈ കാറില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഫുട്പാത്തിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടെ അബ്ദുല്ല അല്‍അനസിയുടെ കാറിനും രണ്ടാമത്തെ കാറിനും കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കോ ജീവഹാനിയോ ഉണ്ടായില്ല.
ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അബ്ദുല്ല അല്‍അനസി തേടി അഭിനന്ദന പ്രവാഹമെത്തി. തന്റെ കാറിന് സംഭവിച്ച കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടില്‍ രണ്ടാമത്തെ കാര്‍ ഡ്രൈവര്‍ ഉറച്ചുനില്‍ക്കുന്നതായും നഷ്ടപരിഹാരമില്ലാതെ കേസ് ഒത്തുതീര്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ലെന്നും അബ്ദുല്ല അല്‍അനസി കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.
ക്യാപ്.
അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ സമ്മാനിച്ച പുതിയ മോഡല്‍ കാറുമായി അബ്ദുല്ല അല്‍അനസി.