ജിദ്ദ – യുദ്ധങ്ങളും സംഘര്‍ഷങ്ങളും യഥാര്‍ഥ പരിഹാരങ്ങളില്ലാതെ വര്‍ധിച്ചുവരുന്ന നിലവിലെ സാഹചര്യം ലോകത്തെ രാക്ഷയുഗത്തിലെത്തിച്ചതായി കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. പഴയ ലിബറല്‍ക്രമ സ്ഥാപനങ്ങളുടെ ശിഥിലീകരണത്തിന്റെയും നീതിയുക്തവും ഫലപ്രദവുമായ ബദല്‍ സംവിധാനത്തിന്റെ അഭാവത്തിന്റെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രമത്തിന്റെ തകര്‍ച്ചയുടെ ത്വരിതഗതിയിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ചൈനയിലെ ബീജിംഗിലുള്ള സിന്‍ഹുവ സര്‍വകലാശാലയില്‍ നടന്ന പതിമൂന്നാം ലോക സമാധാന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ രാക്ഷസന്മാരുടെ കാലമാണ് എന്ന ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ പ്രസ്താവന ഉദ്ധരിച്ച തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങളും കണ്‍വെന്‍ഷനുകളും നഗ്‌നമായി ലംഘിക്കപ്പെടുകയും രണ്ടാം ലോകമഹായുദ്ധാനന്തര സ്ഥാപനങ്ങളുടെ ഫലപ്രാപ്തി നഷ്ടപ്പെടുകയും ചെയ്യുന്ന നിലവിലെ യാഥാര്‍ഥ്യത്തിന് ഈ വിവരണം ബാധകമാണെന്ന് വിശദീകരിച്ചു. നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍, പ്രത്യേകിച്ച് ഗാസയിലെ ഇസ്രായില്‍ ആക്രമണം, റഷ്യന്‍-ഉക്രൈന്‍ യുദ്ധം, ലെബനോന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങള്‍ എന്നിവ അന്താരാഷ്ട്ര വ്യവസ്ഥിതിയുടെ ശോഷണത്തെ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത ബന്ധങ്ങളെ മറികടക്കാനും ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ കണക്കിലെടുക്കുന്ന വിശാലമായ പങ്കാളിത്തങ്ങള്‍ സജീവമാക്കാനും അന്താരാഷ്ട്ര സഹകരണത്തിന്റെ വ്യാപ്തി, പ്രത്യേകിച്ചും ചൈനക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും ഇടയിലെ സഹകരണം വികസിപ്പിക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാദേശിക സ്ഥിരത, ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായമായ പരിഹാരം, ഇസ്രായിലിന്റെ അഹങ്കാരം തടയല്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളില്‍ ഈ രാജ്യങ്ങള്‍ വിവേകത്തിന്റെ ശബ്ദമായി മാറണം.
ബദല്‍ ലോകക്രമം സ്ഥാപിക്കുന്നതിന് ലോകത്തിന് ഒരു പുതിയ വലിയ യുദ്ധം ആവശ്യമില്ല. മറിച്ച് വെല്ലുവിളികളെ നേരിടാന്‍ കഴിയാത്ത ഐക്യരാഷ്ട്രസഭാ സംവിധാനത്തിന്റെ സമൂലമായ പരിഷ്‌കരണമാണ് ആവശ്യം. പരിഷ്‌കരണം എന്നാല്‍ നടപടിക്രമപരമായ മാറ്റങ്ങള്‍ മാത്രമല്ല അര്‍ഥമാക്കുന്നത്. യു.എന്‍ രക്ഷാ സമിതി അംഗത്വ വിപുലീകരണം സംബന്ധിച്ച മുന്‍ ശുപാര്‍ശകള്‍ നടപ്പാക്കിക്കൊണ്ട് യു.എന്‍ സമഗ്രമായി പുനഃസംഘടിപ്പിക്കണം. രക്ഷാ സമിതി സ്ഥിരാംഗങ്ങള്‍ ഈ ശുപാര്‍ശകളെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ വിമര്‍ശിച്ചു.
ഇത് മനുഷ്യരാശിയുടെ വിധിയോടുള്ള അവഗണനയുടെ പ്രതിഫലനമാണ്. ഇത് സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനു പകരം സംഘര്‍ഷങ്ങള്‍ നിലനിര്‍ത്തുന്നതിന് കാരണമാകും.
ബഹുധ്രുവതയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംശയാസ്പദമാണ്. നീതി ഉറപ്പാക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന വ്യക്തമായ നിയമങ്ങള്‍ പിന്തുണക്കുന്നില്ലെങ്കില്‍ ബഹുധ്രുവത നിരര്‍ഥകമാകും. കൂടുതല്‍ സന്തുലിതവും ഉള്‍ക്കൊള്ളുന്നതുമായ ഒരു ആഗോള ക്രമം കെട്ടിപ്പടുക്കുന്നതില്‍ ചൈനയുടെ നേതൃത്വത്തിലുള്ള ദക്ഷിണ ലോകത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. എട്ട് പതിറ്റാണ്ടിലേറെയായി മേഖലയിലെ സ്ഥിതിഗതികള്‍ ദാരുണവും മാറ്റമില്ലാതെ തുടരുന്നതുമാണെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ വിശേഷിപ്പിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ നീതിയുടെ അഭാവം അസ്ഥിരതയുടെ പ്രധാന ഉറവിടമായി തുടരും.
ഗാസ, സിറിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കൊലകളെ സംബന്ധിച്ച പ്രമേയങ്ങള്‍ പരാജയപ്പെടുത്താന്‍ രക്ഷാ സമിതിയിലെ പ്രധാന ശക്തികള്‍ വീറ്റോ ഉപയോഗിച്ചതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വീറ്റോ അധികാരം വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നത് യു.എന്‍ സംവിധാനത്തിന്റെ നിയമസാധുതയെ ദുര്‍ബലപ്പെടുത്തുകയാണ്. മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഇസ്രായില്‍, അമേരിക്ക, ഇറാന്‍ എന്നിവ തമ്മിലുള്ള ത്രികോണ യുദ്ധം തന്ത്രപരമായ പരിഹാരങ്ങള്‍ നേടിയിട്ടില്ല. മറിച്ച് അവ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാതെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. വംശഹത്യ നടത്തുന്ന അധിനിവേശ ഭരണകൂടമായി ഇസ്രായില്‍ തുടരുന്നു. അന്താരാഷ്ട്ര മേല്‍നോട്ടത്തിന്റെ അഭാവത്തില്‍ ഇറാന്‍ ആണവ പദ്ധതി തുടരുന്നു. നിലവിലെ വിജയങ്ങള്‍ ചെലവേറിയതാണ്. കൂട്ടക്കൊലകള്‍ തുടരുന്നു. അത് അവസാനിപ്പിക്കണം – തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.