മക്ക – കഴുകല്‍ ചടങ്ങുകള്‍ക്കും മറ്റും വിശുദ്ധ കഅ്ബാലയത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന ഗോവണി നിര്‍മിച്ചിരിക്കുന്നത് ഏറ്റവും മുന്തിയ തേക്ക് തടിയില്‍. ഇതിന് 6,500 കിലോ ഭാരമുണ്ട്. ഗോവണിക്ക് 5.65 മീറ്റര്‍ നീളവും 4.8 മീറ്റര്‍ ഉയരവും 1.88 മീറ്റര്‍ വീതിയുമുണ്ട്. 24 ബാറ്ററികള്‍ ഉപയോഗിച്ചാണ് പത്തു ചവിട്ടുപടികളുള്ള ഗോവണി പ്രവര്‍ത്തിപ്പിക്കുന്നത്.
രണ്ടായിരാമാണ്ടിലാണ് നിലവിലെ ഗോവണി നിര്‍മിച്ച് എത്തിച്ചതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.
വിശുദ്ധ കഅ്ബാലയത്തിന്റെ ഉള്ളില്‍ പ്രകാശം പരത്താന്‍ ഗോവണിയുടെ മുകള്‍ ഭാഗത്ത് ലൈറ്റിംഗ് ഉള്ള ഒരു നീട്ടിയ ഭാഗമുണ്ട്. കഅ്ബാലയത്തിന്റെ ഉള്‍വശം തണുപ്പിക്കാന്‍ സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ് വിടവുകളും ഗോവണിയിലുണ്ട്. എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലെ ഉപയോഗത്തിനുള്ള മൂന്നു വാട്ടര്‍ ടാങ്കുകളും വിശുദ്ധ കഅ്ബാലയം കഴുകാന്‍ ആവശ്യമായ വെള്ളം സൂക്ഷിക്കുന്ന ഒരു ടാങ്കും കഴുക്കഴിഞ്ഞ ശേഷമുള്ള ഉപയോഗിച്ച വെള്ളം സൂക്ഷിക്കാനുള്ള ഒരു ടാങ്കും ഗോവണിയിലുണ്ട്.