മിന – ലോകത്തെ ഏറ്റവും വലിയ ഫ്രീസറുകള്‍ മിനായിലെ അല്‍മുഅയ്‌സിം കശാപ്പുശാലയിലാണുള്ളതെന്ന് ബലിമാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സഅദ് അല്‍വാബില്‍ പറഞ്ഞു. മൂന്നര ലക്ഷത്തിലേറെ ആടുകളുടെ മാംസം ശീതീകരിച്ച് സൂക്ഷിക്കാന്‍ അല്‍മുഅയ്‌സിമിലെ ഫ്രീസറുകള്‍ക്ക് ശേഷിയുണ്ട്. ഇവ പിന്നീട് അര്‍ഹരായവര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്. മൈനസ് 25 ഡിഗ്രിയില്‍ ഇവ മാംസം ശീതീകരിച്ച് സൂക്ഷിക്കുന്നു. ഉയര്‍ന്ന ഗുണനിലവാരത്തില്‍ ഇറച്ചി സൂക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഇറച്ചിയില്‍ ബാക്ടീരിയ കുറക്കാന്‍ ശീതീകരിക്കുന്നതിനു മുമ്പ് വെള്ളം സ്‌പ്രേ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നതായും സഅദ് അല്‍വാബില്‍ പറഞ്ഞു.
മിനായില്‍ ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചിയില്‍ ഒരു ഭാഗം മക്കയില്‍ നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യുന്നു. ശേഷിക്കുന്നവ ശീതീകരിച്ച് സൂക്ഷിച്ച ശേഷം സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലും എത്തിച്ച് അര്‍ഹരായവര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്. ദശകങ്ങള്‍ക്കു മുമ്പ് ഹാജിമാര്‍ ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചിയില്‍ മഹാഭൂരിഭാഗവും വിതരണം ചെയ്യാന്‍ സൗകര്യമില്ലാതെ പാഴാക്കപ്പെടുകയായിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നോണമാണ് അദാഹി പദ്ധതി സൗദി അറേബ്യ ആരംഭിച്ചത്. പദ്ധതി നടത്തിപ്പ് ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനാണ്. ഇത്തവണ ആടിനെ ബലിയറുക്കാനുള്ള കൂപ്പണ്‍ നിരക്ക് 720 റിയാലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group