റിയാദ് – നാഷണല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആംഡ് ഫോഴ്‌സിന്റെ കമാന്‍ഡ് ആന്റ് സ്റ്റാഫ് കോളേജിലെ അക്കാദമിക് പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയാദ് അല്‍റുവൈലി, ദേശീയ പ്രതിരോധ സര്‍വകലാശാലാ പ്രസിഡന്റ് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍റുവൈലി, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി, ദേശീയ സുരക്ഷാ ഉപമേധാവി അബ്ദുല്ല അല്‍ഈസ, ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി, നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനീയര്‍ മാജിദ് അല്‍മസീദ്, സംയുക്ത സേനാ കമാന്‍ഡര്‍ ജനറല്‍ മുത്‌ലഖ് അല്‍അസൈമിഅ്, ജനറല്‍ അതോറിറ്റി ഫോര്‍ ഡിഫന്‍സ് ഡെവലപ്‌മെന്റ് ഗവര്‍ണര്‍ ഡോ. ഫാലിഹ് അല്‍സുലൈമാന്‍ എന്നിവര്‍ അടക്കമുള്ളവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
സൗദിയില്‍ പ്രൊഫഷനല്‍ സൈനിക വിദ്യാഭ്യാസ ഭാവിയിലേക്കുള്ള പുതിയ ഘട്ടത്തിന്റെ ഉജ്വലമായ തുടക്കമാണ് നാഷണല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റി ഉദ്ഘാടനം അടയാളപ്പെടുത്തുന്നതെന്ന് ജനറല്‍ ഫയാദ് അല്‍റുവൈലി പറഞ്ഞു. പ്രോഗ്രാമുകള്‍ നടത്താനും ശേഷികള്‍ വികസിപ്പിക്കാനും ഗവേഷണ കേന്ദ്രമെന്നോണം പ്രവര്‍ത്തിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉയര്‍ന്ന തലത്തിലും മികച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായും സാമൂഹിക സേവനങ്ങള്‍ നല്‍കാനും പുതിയ സര്‍വകലാശാലക്ക് സാധിക്കുമെന്നും ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയാദ് അല്‍റുവൈലി പറഞ്ഞു.