റിയാദ്- ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അടക്കം വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ യോഗ്യതാപത്രങ്ങള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഏറ്റുവാങ്ങി. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് പകരമായാണ് കിരീടാവകാശി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യക്ക് പുറമെ മാലി, മംഗോളിയ, ദക്ഷിണാഫ്രിക്ക, ഫിന്‍ലാന്റ്, സാംബിയ, നേപാള്‍, ബ്രസീല്‍, ഉക്രൈന്‍, സ്വീഡന്‍, ഡന്‍മാര്‍ക്ക്, മലേഷ്യ, സ്ലോവാക്യ, ലിത്വാനിയ, വെനീസ്വലെ, കംബോഡിയ, ദക്ഷിണ സുഡാന്‍, ഛാഡ്, ചിലി, മലാവി, അമേരിക്ക, പരാഗ്വെ, പാകിസ്ഥാന്‍, ഇറാഖ്, റുവാണ്ട, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ സൗദി അംബാസഡര്‍മാരാണ് യോഗ്യതാപത്രങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, റോയല്‍കോര്‍ട്ട് മേധാവി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ഈസ എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group