റിയാദ് – അല്‍ഖര്‍ജില്‍ സൗദി യുവാവ് അബ്ദുല്ല മദ്‌ലൂല്‍ അല്‍അനസി നടത്തിയ സാഹസികമായ ഇടപെടല്‍ കുഞ്ഞുബാലന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. അല്‍ഖര്‍ജിലെ മെയിന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ബാലന്റെ ജീവനാണ് സ്വന്തം ജീവന്‍ അടക്കം മറ്റെല്ലാം തൃണവല്‍ഗണിച്ച് അബ്ദുല്ല അല്‍അനസി രക്ഷിച്ചത്. കഴിഞ്ഞ ദിവസം അബ്ദുല്ല അല്‍അനസി കാറോടിച്ചു പോകുന്നതിനിടെയാണ് കുഞ്ഞുബാലന്‍ ഒറ്റക്ക് റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ബാലന് റോഡ് മുറിച്ചുകടക്കാന്‍ സാധിക്കുന്നതിനു വേണ്ടി താന്‍ കാറിന്റെ വേഗം കുറക്കുകയായിരുന്നെന്ന് അബ്ദുല്ല അല്‍അനസി പറഞ്ഞു.
എന്നാല്‍ ബാലന്‍ റോഡ് മധ്യേനിന്നു. ഈ സമയത്താണ് ബാലന്‍ നിന്ന അതേ ട്രാക്കിലൂടെ അമിത വേഗതയില്‍ പിന്നില്‍ നിന്ന് കാര്‍ വരുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ഈ കാര്‍ ബാലനെ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി ഉടന്‍ തന്നെ ബാലന്‍ നിന്ന ട്രാക്കിലേക്ക് തന്റെ കാര്‍ കയറ്റിയിട്ടു. അമിത വേഗത്തില്‍ നിമിഷ നേരം കൊണ്ട് എത്തിയ രണ്ടാമത്തെ കാര്‍ തന്റെ കാറില്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഫുട്പാത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. രണ്ടാമത്തെ കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. തനിക്കും രണ്ടാമത്തെ കാര്‍ ഡ്രൈവര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും അബ്ദുല്ല അല്‍അനസി പറഞ്ഞു.
ധീരകൃത്യമോ സാഹസികതയോ ഒന്നുമല്ല താന്‍ ചെയ്തതെന്നും ഇങ്ങിനെ ചെയ്യേണ്ടത് ധാര്‍മിക ബാധ്യതയാണെന്നും അബ്ദുല്ല അല്‍അനസി പറഞ്ഞു. തന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും താന്‍ ചെയ്തതു പോലെ തന്നെയാണ് ചെയ്യുക. കൂട്ടിയിടിച്ച് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാലും പിഞ്ചുബാലന് യാതൊന്നും സംഭവിക്കരുതെന്നാണ് താന്‍ കരുതിയത്. ബാലനെ നടുറോഡില്‍ കണ്ടപ്പോള്‍ തനിക്ക് ആ പ്രായത്തിലുള്ള സ്വന്തം മകനെയാണ് ഓര്‍മ വന്നത്. ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെങ്കിലും രണ്ടാമത്തെ കാറിന് സംഭവിച്ച കേടുപാടുകള്‍ക്ക് ഉടമ 5,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. നഷ്ടപരിഹാരമില്ലാതെ കേസ് ഒത്തുതീര്‍ക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ലെന്നും അബ്ദുല്ല അല്‍അനസി പറഞ്ഞു. പിഞ്ചുബാലന്‍ നടുറോഡില്‍ നില്‍ക്കുന്നതിന്റെയും അബ്ദുല്ല സ്വന്തം കാര്‍ കൊണ്ട് പ്രതിബന്ധം സൃഷ്ടിച്ച് ബാലനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.