ജിദ്ദ: ജനന മരണങ്ങളുടെ ഹ്രസ്വ കാലത്തിനിടയിൽ തീരുന്നതല്ല മനുഷ്യ ജീവിതമെന്നും മരണാനന്തരം ആത്യന്തികമായ നീതിയുടെ ഒരു ലോകം വരാനുണ്ടെന്നും അവിടങ്ങളിൽ വിജയിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമാകേണ്ടതെന്നും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘തദ്കിറ’ പഠനക്ലാസ്സിൽ മഅ്‌റൂഫ് സ്വലാഹി അഭിപ്രായപ്പെട്ടു. ‘സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ ഈ ലോകത്ത് ചെയ്യുന്ന കർമ്മങ്ങളുടെ ഉദ്ദേശ ശുദ്ധിക്ക് അനുസരിച്ചാണ് മരണാനന്തരം പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. പ്രപഞ്ച സ്രഷ്ടാവിനുള്ള സമ്പൂർണ്ണ സമർപ്പണം മാത്രമാണ് ആത്യന്തിക വിജയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ ലോകത്ത് ചെയ്യുന്ന കർമ്മങ്ങൾ ആളുകളെ കാണിക്കാൻ വേണ്ടിയാകാതെ പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിക്കുമ്പോൾ മാത്രമാണ് അത് സ്രഷ്ടാവിങ്കൽ സ്വീകരിക്കപ്പെടുന്നത്. ഇത്തരത്തിൽ നിഷ്‌കളങ്കമായ കീഴ്‌വണക്കം പ്രകടിപ്പിക്കുന്നതിലൂടെ മനുഷ്യൻ ഉന്നതമായ വ്യക്തിത്വം സ്വായത്തമാക്കുകയും അതോടൊപ്പം പരലോക വിജയം നേടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
‘കണ്ണടക്കും മുൻപേ കൺതുറന്ന് പ്രവർത്തിക്കാം’ എന്ന വിഷയത്തിൽ അനസ് സ്വലാഹി കോയിച്ചെന പ്രസംഗിച്ചു. മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും പൊടുന്നനെ ഇല്ലാതാക്കുന്ന അപ്രതീക്ഷിതമായ പ്രതിഭാസമാണ് മരണം. അതുകൊണ്ടുതന്നെ ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ഓരോ വിശ്വാസിയും മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ടെന്നന്നും അദ്ദേഹം പറഞ്ഞു. മരണത്തിന്റെ സമയം എപ്പോഴാണെന്ന് അറിയാത്തതുകൊണ്ട് തന്നെ ഏതു സമയവും അതിനെ പുൽകാൻ തയ്യാറായി നിൽക്കുന്ന ഒരു വിശ്വാസി തന്റെ ജീവിതത്തിലുടനീളം ധാർമികതയും സൽകർമ്മവും മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്നവനായിരിക്കണമെന്നും അദ്ദേഹം ഉണർത്തി.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.