ജിദ്ദ – സൗദി ടെലികോം ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ തവാല്‍ കഴിഞ്ഞ വര്‍ഷം 1,100 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിര്‍മിച്ചു. സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്താനുള്ള തന്ത്രം നടപ്പാക്കുന്നതില്‍ എസ്.ടി.സി ഗ്രൂപ്പിന്റെ വിജയത്തെയും, കവറേജ് വികസിപ്പിക്കാനും അള്‍ട്രാ-ഫാസ്റ്റ് കണക്റ്റിവിറ്റി നല്‍കാനും ഭൂമിശാസ്ത്രപരമായ വികാസത്തോടൊപ്പം രാജ്യത്തുടനീളം അത്യാധുനിക സാങ്കേതികവിദ്യകള്‍ എത്തിക്കാനും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ കമ്പനി നടത്തുന്ന തന്ത്രപരമായ നിക്ഷേപവും ഇത് പ്രതിഫലിപ്പിക്കുന്നു. ഡിജിറ്റല്‍ വിടവ് നികത്താനും ഭാവി ആവശ്യങ്ങള്‍ക്കായി നെറ്റ്വര്‍ക്ക് സുസജ്ജത ഉറപ്പാക്കാനും നവീകരണത്തെയും രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെയും പിന്തുണക്കാനും ഈ സമീപനം സഹായിക്കുന്നു.
കൃത്രിമ ബുദ്ധിക്കും ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ക്കുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയുമായി ഈ സംരംഭം പ്രതികരിക്കുകയും മേഖലയിലെ തന്ത്രപരമായ ഡിജിറ്റല്‍ ഹബ് എന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നു. ഈ സുപ്രധാന നേട്ടം ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളുടെ സുസജ്ജതയെ പിന്തുണക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലീകരണത്തിന്റെയും വികസന പരിപാടികളുടെയും ഭാഗമാണെന്ന് തവാല്‍ വിശദീകരിച്ചു. ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ഗവണ്‍മെന്റ് മേഖലകളിലുടനീളം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. 2025 ല്‍ തവാല്‍ കമ്പനി നെറ്റ്വര്‍ക്ക് ടീമുകള്‍ 14,000 ത്തിലധികം അപ്ഗ്രേഡുകള്‍, മെച്ചപ്പെടുത്തലുകള്‍, ടവറുകളെ ബന്ധിപ്പിക്കല്‍ എന്നിവ നടപ്പാക്കി. ഇത് നെറ്റ്വര്‍ക്ക് കാര്യക്ഷമത വര്‍ധിപ്പിക്കാനും 99.9 ശതമാനം സുസജ്ജതനില കൈവരിക്കാനും സഹായിച്ചു.
ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രാപ്തമാക്കുന്നതിലുള്ള തവാല്‍ കമ്പനിയുടെ പങ്ക് എസ്.ടി.സി ഗ്രൂപ്പുമായുള്ള സഹകരണം പ്രതിഫലിപ്പിക്കുന്നു. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന നിലക്ക് സൗദിയില്‍ ടവര്‍ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതില്‍ കമ്പനി നിക്ഷേപം തുടരുകയാണ്. രാജ്യത്തിന്റെ ഡിജിറ്റല്‍ മത്സരശേഷി വര്‍ധിപ്പിക്കാനും രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും കണക്ഷന്‍, ഇന്റര്‍നെറ്റ് വേഗത എന്നിവയുള്‍പ്പെടെ ടെലികമ്മ്യൂണിക്കേഷന്‍, സാങ്കേതിക സൂചകങ്ങളില്‍ ആഗോള റാങ്കിംഗില്‍ മുന്‍പന്തിയിലെത്താനും വിഷന്‍ 2030 ലക്ഷ്യമിടുന്നുണ്ട്. നടപ്പാക്കല്‍ സമയം ത്വരിതപ്പെടുത്താനും പുതിയ ടവര്‍ പ്രോജക്റ്റുകളില്‍ റെക്കോര്‍ഡ് പൂര്‍ത്തീകരണ നിരക്കുകള്‍ കൈവരിക്കാനും സഹായിച്ച തവാല്‍ കമ്പനി പ്രവര്‍ത്തന മാതൃക ഇതിനെ പിന്തുണക്കുന്നു. മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് തവാല്‍. കമ്പനിക്കു കീഴില്‍ 30,000 ലേറെ മൊബൈല്‍ ഫോണ്‍ ടവറുകളുണ്ട്. സൗദി അറേബ്യ, ബള്‍ഗേറിയ, ക്രൊയേഷ്യ, സ്ലോവേനിയ, പാകിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.



