സൗദി അറേബ്യയുടെ തീരദേശ ജലാതിർത്തിയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബംഗ്ലാദേശ് പൗരന്മാരെ തബൂക്ക് മേഖലയിലെ ബോർഡർ ഗാർഡ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 6-ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. മത്സ്യബന്ധനവും രാജ്യത്തിന്റെ അതിർത്തി സുരക്ഷയും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതാണ് പിടിയിലായവർക്കെതിരായ കുറ്റം.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ പാരിസ്ഥിതിക നാശം, സാമ്പത്തിക നഷ്ടം, ദേശീയ സുരക്ഷയ്ക്കു മേലുള്ള വെല്ലുവിളി തുടങ്ങിയ അപകടസാധ്യത ഉയർത്തുന്നതായി സൗദി പ്രസ് ഏജൻസി വഴി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ശരിയായ പെർമിറ്റുകളില്ലാതെയാണ് അറസ്റ്റിലായ വ്യക്തികൾ മത്സ്യബന്ധനം നടത്തിയത്. സൗദി നിയമപ്രകാരം ഇത് ഗുരുതരമായ കുറ്റമാണ്. സമുദ്രവിഭവങ്ങൾ നിയന്ത്രിക്കുന്നതിനും പ്രാദേശിക ജലാതിർത്തി സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഇവരുടെ പ്രവൃത്തി.
അതിർത്തി സുരക്ഷ നിലനിർത്തുന്നതിൽ പൊതുജന സഹകരണം നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ ഏത് പ്രവർത്തനങ്ങളും ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നതിനായി മിക്ക പ്രദേശങ്ങളിലും 911 എന്ന എമർജൻസി നമ്പറിലോ അല്ലെങ്കിൽ തബൂക്കിൽ പ്രത്യേകമായി 994 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.