റിയാദ് – സിറിയയിൽ ഈ വർഷം ഇതുവരെ 28 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തിയതായി പ്രസിഡന്റ് അഹ്‌മദ് അൽശറഅ് വെളിപ്പെടുത്തി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്ത സെഷനിൽ വിദേശ നിക്ഷേപകരെ രാജ്യത്തിന് പുറത്തേക്ക് ഫണ്ട് കൈമാറാൻ അനുവദിക്കുന്ന തരത്തിൽ സിറിയയിൽ നിയമങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അഹ്‌മദ് അൽശറഅ് പറഞ്ഞു. നിക്ഷേപങ്ങളിലൂടെ സിറിയ പുനർനിർമ്മിക്കാനാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം അവസാനത്തിലാണ് ബശാർ അൽഅസദിനെ അട്ടിമറിക്കാൻ അഹ്‌മദ് അൽശറഅ് പ്രതിപക്ഷ പോരാളികളെ നയിച്ചത്. ഇതിലൂടെ 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തി. ബശാർ അൽഅസദിന്റെ ഭരണകാലത്ത് ഒഴിവാക്കിയ ലോകശക്തികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ച് അഹ്‌മദ് അൽശറഅ് നിരവധി വിദേശ യാത്രകൾ നടത്തി.
മെയ് മാസത്തിൽ റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽശറഉം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചരിത്രപരമായ കൂടിക്കാഴ്ച നടന്നു. അഹ്‌മദ് അൽശറഇനെ പ്രശംസിച്ച ട്രംപ്, സിറിയക്ക് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക പിൻവലിക്കുമെന്നും രാജ്യം പുനർനിർമ്മിക്കാൻ അവസരം നൽകുമെന്നും പറഞ്ഞു. ട്രംപിന്റെ പ്രതിജ്ഞയും സിറിയക്ക് ഇപ്പോൾ നൽകിയിട്ടുള്ള വ്യാപകമായ ഇളവുകളും ഉണ്ടായിരുന്നിട്ടും, സീസർ ഉപരോധങ്ങൾ എന്നറിയപ്പെടുന്ന ഏറ്റവും കഠിനമായ ഉപരോധങ്ങൾ യു.എസ് കോൺഗ്രസിൽ നിന്ന് പിൻവലിക്കേണ്ടതുണ്ട്. യുഎസ് നിയമനിർമ്മാതാക്കൾക്കിടയിൽ ഈ വിഷയത്തിൽ ഭിന്നിപ്പുണ്ടെങ്കിലും വർഷാവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിറിയയിലെ പ്രധാന വികസന പദ്ധതികൾ ഇതിനകം തന്നെ അന്താരാഷ്ട്ര താൽപ്പര്യം ആകർഷിച്ചിട്ടുണ്ടെങ്കിലും, ഉപരോധങ്ങൾ പൂർണ തോതിൽ റദ്ദാക്കുന്നത് നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധത്തിൽ തകർന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, റിയൽ എസ്റ്റേറ്റ് പദ്ധതികൾ എന്നിവയുൾപ്പെടെ 14 ബില്യൺ ഡോളറിന്റെ 12 നിക്ഷേപ കരാറുകളിൽ ഓഗസ്റ്റിൽ സിറിയ ഒപ്പുവെച്ചു. സിറിയയുടെ പുനർനിർമ്മാണത്തിന് ഏറ്റവും കുറഞ്ഞത് 216 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട്.



