ജിസാന്‍ – പുരാതന വാസ്തുവിദ്യയുടെ മൂകസാക്ഷിയായി ചരിത്ര കുതുകികളില്‍ ആശ്ചര്യമുണര്‍ത്തി നിലനില്‍ക്കുകയാണ് ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വബ്‌യ കോട്ട. ചരിത്രത്തിന്റെ ജീവിക്കുന്ന തെളിവുകളില്‍ ഒന്നാണ് സ്വബ്‌യ കോട്ട. സ്വബ്‌യയിലെ കിംഗ് ഫഹദ് പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സ്വബ്‌യ അവന്യൂവിന് സമീപമാണ് കോട്ട സ്ഥിതിചെയ്യുന്നത്. ഇത് നിലവിലെ സ്വബ്‌യ നഗരത്തിന്റെ ഭാഗമാണ്. വാദി സ്വബ്‌യയുടെ വിദൂരദൃശ്യം കാണുന്ന നിലക്കാണ് കോട്ട നിര്‍മിച്ചിരിക്കുന്നതെന്ന് ദീര്‍ഘകാലമായി സ്വബ്‌യ സന്ദര്‍ശിച്ച എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോളം ഈ കോട്ടക്കും കെട്ടിടങ്ങള്‍ക്കും പഴക്കമുണ്ടെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു.
പുരാതന കോട്ടയില്‍ ഉയര്‍ന്ന മേല്‍തട്ട് ഉള്ള വിശാലമായ മുറികളും, മനോഹരമായ ജ്യാമിതീയ ഡിസൈനുകള്‍ കൊണ്ട് അലങ്കരിച്ച വീതികൂടിയ മതിലുകളും അടങ്ങിയിരിക്കുന്നു. കെട്ടിടങ്ങളുടെ ചുവരുകള്‍ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള അഗ്നിപര്‍വത കല്ലുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഇത് കോട്ടക്ക് അതുല്യമായ സൗന്ദര്യം നല്‍കുന്നു.
പുരാതന കോട്ടയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മസ്ജിദ് ഈ സ്ഥലത്തിന്റെ പുരാതന ചരിത്രത്തിന്റെ മറ്റൊരു സാക്ഷിയാണ്. കോട്ടകളിലും മറ്റു കെട്ടിടങ്ങളിലും ഉപയോഗിച്ച അതേ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ഇത് നമസ്‌കാരത്തിനും ഗോത്രനേതാക്കളുടെയും പൗരപ്രമുഖരുടെയും നാട്ടുകാരുടെയും കൂടിക്കാഴ്ചക്കുമുള്ള സ്ഥലമായിരുന്നു. ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പള്ളിയുടെ മഹ്‌റാബ് ഇന്നും നിലനില്‍ക്കുന്നു.
സ്വബ്‌യ കോട്ട ചരിത്രാന്വേഷികളുടെ ജിജ്ഞാസ ഉണര്‍ത്തുന്നു. പുരാതന കോട്ടയുടെ പരിസരത്ത് മറ്റു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യത്തെ കുറിച്ച ചില വിവരണങ്ങള്‍ സൂചിപ്പിക്കുന്നത് എന്താണ് എന്ന് തിരയുന്നതിലൂടെ, ആ കാലഘട്ടത്തിലെ വാസ്തുവിദ്യയെയും നാഗരികതയെയും കുറിച്ച് കൂടുതല്‍ കണ്ടെത്താനുള്ള അവസരമായി കോട്ട നിലനില്‍ക്കുന്നു. ഈ പുരാവസ്തു കേന്ദ്രത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ സഹായിക്കുന്ന ഗവേഷണങ്ങള്‍ നടത്താനുള്ള സാധ്യതയിലേക്കുള്ള വാതില്‍ ഇത് തുറക്കുന്നു.
സ്വബ്‌യയിലെ പുരാതന കോട്ട സംരക്ഷിക്കാനും ജിസാന്‍ പ്രവിശ്യയിലെ പ്രധാന പൈതൃക കേന്ദ്രമെന്നോണം ഇതിനെ പരിചയപ്പെടുത്താനും ഹെരിറ്റേജ് കമ്മീഷന്‍ ശ്രമങ്ങള്‍ നടത്തുന്നു. കോട്ടനില്‍ക്കുന്ന പ്രദേശത്തെ കെട്ടിടങ്ങളുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന കാര്യങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കുന്നു. ചരിത്ര, സാംസ്‌കാരിക സമ്പന്നമായ ഈ പുരാവസ്തു കേന്ദ്രം സന്ദര്‍ശകര്‍ക്ക് കാണാനുള്ള അവസരം നല്‍കാനും ഹെരിറ്റേജ് കമ്മീഷന്‍ ശ്രമിക്കുന്നു.