മക്ക: ഹജ് പെര്‍മിറ്റില്ലാത്ത 60 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് പിടിയിലായ 20 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. എട്ടു സൗദി പൗരന്മാരെയും പന്ത്രണ്ടു വിദേശികളെയുമാണ് ശിക്ഷിച്ചത്. ഇവര്‍ക്ക് തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ നിയമ നടപടികളിലൂടെ കണ്ടുകെട്ടാനും തീരുമാനമുണ്ട്.
ഹജ് പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് മക്കയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായവര്‍ക്ക് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തി. ഹജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തിയ ബംഗ്ലാദേശുകാരനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. പുണ്യസ്ഥലങ്ങളില്‍ താമസ, യാത്രാ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്ന് അവകാശപ്പെട്ട് പരസ്യം ചെയ്താണ് ബംഗ്ലാദേശുകാരന്‍ തട്ടിപ്പുകള്‍ നടത്തിയത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബംഗ്ലാദേശുകാരനെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയും വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group