Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദി മരുഭൂമിയിൽ ആടുജീവിതം നയിച്ച പെരിയസാമിയുടെ കഥ കേൾക്കാം

    വഹീദ് സമാൻBy വഹീദ് സമാൻ26/03/2024 Saudi Arabia 9 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നജീബിന്റെ ആടുജീവിതം ബ്ലസിയിലൂടെ ലോകം അറിയാൻ തുടങ്ങുകയാണ്. എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ പൃഥിരാജ് മുഖ്യകഥാപാത്രമായി അടുത്ത ദിവസം പ്രേക്ഷകരിലെത്തും. സിനിമയുടെ പ്രിവ്യൂ ഷോ കണ്ടവർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ ഹായിലിലെ മരുഭൂമിയിൽ ജീവിച്ച ഇന്ത്യക്കാരൻ പെരിയസാമിയുടെ കഥ വീണ്ടും വായിക്കാം.

    ആടുജീവിതത്തിലെ നജീബിനെ വെല്ലുന്ന കഥയാണ് പെരിയസാമിയുടേത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ സൗദിയിലേക്ക് ജോലിക്കായി വന്നു. പിന്നീട് മരുഭൂമിയിൽ വർഷങ്ങളോളം ആടുകൾക്കൊപ്പം. ഒപ്പം കൊടിയ പീഡനവും. അവസാനം രക്ഷപ്പെട്ട് ഇന്ത്യയിൽ എത്തിയപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെത്തി പെരിയസാമിയെ കാണുമ്പോൾ അദ്ദേഹം ജീവിതം കെട്ടിപ്പടുക്കാനുള്ള പുതിയ പോരാട്ടത്തിലായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പെരിയസാമിയുടെ കഥ വീണ്ടും വായിക്കാം.

    സൗദി പോലീസുകാർക്ക് നടുവിലിരുന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെത്തുമ്പോൾ പെരിയസാമിയുടെ മുൻനിരയിലെ ഒരു പല്ല് ഇളകിയാടുന്നുണ്ടായിരുന്നു. എന്നോ കൊഴിഞ്ഞുപോയ മൂന്നു പല്ലുകൾക്കടുത്തിരുന്നാണ് പല്ലിന്റെ ആടിക്കളി. തലമുടിക്കും ദേഹത്തിനും ഒരേ നിറം. കടുംകറുപ്പ്. പ്രാകൃതകാലത്തെ ഓർമ്മിപ്പിക്കുന്ന ദേഹപ്രകൃതി. നനഞ്ഞുകുളിച്ചിട്ട് എത്രയോ കാലമായി. ജട കെട്ടിയ തലമുടി. മനുഷ്യർ ഇയാളെയോ, മനുഷ്യരെ ഇയാളോ അടുത്തൊന്നും കണ്ടതിന്റെ ലക്ഷണങ്ങളില്ല. പതിനെട്ട് കൊല്ലം സൗദി അറേബ്യയിലെ ഹായിലിലെ മരുഭൂമിയിൽ അടിമജീവിതം പേറിയ ഒരാൾ പുറംലോകം കാണുകയാണ്. ഓർക്കുക, ഇത്രയും കാലത്തിനിടെ പത്തുപേരെ മാത്രമേ ഈ മനുഷ്യൻ കണ്ടിട്ടുള്ളൂ. സ്‌പോൺസറായ അറബിയെയും അയാളുടെ രണ്ടു ഭാര്യമാരെയും ഏഴുമക്കളെയും മാത്രം. തനിക്ക് ചുറ്റും ആളുകളെ കണ്ടതോടെ പെരിയസാമി അസ്വസ്ഥനായി. കോൺസുലേറ്റിന്റെ വെളിച്ചംകടന്നുവരാത്ത മൂലയിലേക്ക് ഒതുങ്ങിയൊതുങ്ങി നിൽക്കാൻ അയാൾ പാടുപെട്ടു.

    ഇരമ്പിയാർത്തുവരുന്ന വാഹനങ്ങളും ആകാശം തൊട്ടുരുമി നിൽക്കുന്ന കെട്ടിടങ്ങളുമെല്ലാം ഈ മനുഷ്യന്റെ സമനില തെറ്റിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്നു. തനിക്കു ചുറ്റും ഇങ്ങിനെയൊരു ലോകമുണ്ടായിരുന്നുവെന്നയാൾ ആദ്യമറിയുകയാണ്. അതിന്റെ പങ്കപ്പാടുകളാണ് മുഖത്തും ശരീരത്തും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെ സാമൂഹ്യക്ഷേമവിഭാഗം കോൺസൽ എസ്.ഡി. മൂർത്തിയെ കാണുകയാണ് പെരിയസാമിയെ കൂട്ടിക്കൊണ്ടുവന്ന പോലീസുകാരുടെ ലക്ഷ്യം. സ്‌പോൺസറായ അറബിയാണ് പതിനെട്ട് കൊല്ലം പെരിയസാമി അടിമയാക്കി വെച്ചത്. മറ്റൊരു അറബി പൗരന്റെ സാഹസികതയാണ് പെരിയസാമിയെ രക്ഷപ്പെടുത്തിയത്. തടവുജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട പെരിയസാമിയെ നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള ചില രേഖകൾ ശരിയാക്കുന്നതിന് മൂർത്തിയെ കാണാൻ കാത്തിരിക്കുകയാണ് പോലീസുകാരും പെരിയസാമിയും.
    തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപം പെരമ്പള്ളൂർ കാരക്കുടിയിലാണ് പെരിയസാമിയുടെ വീട്. ഇടയൻമാർ ഏറെയുള്ള ഗ്രാമം. അവിടെയൊരു മാരിയമ്മൻ കോവിലുണ്ട്. നാട്ടുകാർ അവിടെ ഒന്നിച്ചുകൂടും. എന്തെങ്കിലും പറഞ്ഞിരിക്കും. പകിട കളിക്കും. കോവിലിന് പിറകിലാണ് പെരിയസാമിയുടെ വീട്. അച്ഛൻ വാധ്യാരാണ്. അധ്യാപകനാകാൻ അധികം പഠിപ്പൊന്നും ആവശ്യമുണ്ടായിരുന്നില്ല അക്കാലത്ത്. പെരിയസാമി അടക്കം മൂന്നു മക്കൾ. അച്ഛന്റെ വരുമാനം മതിയായിരുന്നില്ല കുടുംബത്തെ പോറ്റാൻ. അങ്ങിനെയാണ് പെരിയസാമി ഗൾഫിലേക്ക് പുറപ്പെടുന്നത്. രണ്ടു കൊല്ലം ഗൾഫിൽ നിന്നു.

    കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാതെ തിരിച്ചുപോന്നു. അവധിക്ക് വന്ന പെരിയസാമി പെണ്ണുകെട്ടി. വീടിനടുത്ത് തന്നെയുള്ള അഖിലയായിരുന്നു വധു. ആടിനെ നോക്കലും ചെറുകൃഷിയുമായി ജീവിതം തുടങ്ങി. അതിനിടെ ഗൾഫിലേക്ക് പോകാനുളള മോഹം വീണ്ടുമുദിച്ചു. കോവിലിൽ ഇരിക്കുമ്പോഴാണ് വിസയുണ്ടെന്ന കാര്യം കേട്ടത്. പെരമ്പള്ളൂരിലെ ഏജന്റിനെ സമീപിച്ചു. ഇടയവിസയാണ്. അറിയാവുന്ന പണിയായതിനാൽ സമ്മതിച്ചു. 1993-94-ലാണ്. ഇരുപതിനായിരം രൂപ നൽകിയാണ് വിസ സംഘടിപ്പിച്ചത്. അക്കാലത്ത് അത് വലിയ സംഖ്യയാണ്. കല്യാണം കഴിഞ്ഞ് അധികമായിട്ടില്ല. അഖിലയുടെ ആഭരണങ്ങൾ പണയപ്പെടുത്തി വിസക്ക് പണം നൽകി. മദ്രാസിൽ നിന്ന് സൗദിയുടെ തലസ്ഥാനമായ റിയാദിലേക്ക് വിമാനം കയറി. വിസ നൽകിയ ഏജന്റ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ച അയാൾക്കൊപ്പം കഴിഞ്ഞു. ഈ സമയത്ത് അഖിലക്ക് പെരിയസാമി കത്തെഴുതി. യാത്രയിലെ വിശേഷങ്ങളും സൗദിയിലെ കാഴ്ച്ചകളും പിരിഞ്ഞുപോരുമ്പോഴുള്ള വിഷമവും എല്ലാം വിവരിച്ചുകൊണ്ടുള്ള കത്ത്. വിരഹവും പ്രതീക്ഷകളും കൃത്യമായി അടുക്കിവെക്കാത്ത കുറിമാനം. ശരിയായ അഡ്രസ് പിന്നീട് അറിയാക്കാമെന്ന് അഖിലക്ക് വാഗ്ദാനം നൽകി. കണ്ണീരും കിനാക്കളും നിറഞ്ഞുനിന്ന കത്ത് അവർക്ക് കിട്ടികാണണം. ഒരാഴ്ച്ചക്ക് ശേഷം സ്‌പോൺസറായ അറബി എത്തി. പാസ്‌പോർട്ട് അടക്കമുള്ള രേഖകളെല്ലാം വാങ്ങി.

    അറബിയുടെ മസറയിലായിരുന്നു ജോലി. ആടുകളെയും ഒട്ടകങ്ങളെയും പരിപാലിക്കണം. 700 റിയാലായിരുന്നു ശമ്പളം. പരിചയമുള്ള തൊഴിലായതിനാൽ പ്രയാസമുണ്ടായില്ല. മരുഭൂമിയിലെ പൊള്ളുന്ന ചൂട് പെരിയസാമിയെ കാണാത്തപോലെ കടന്നുപോയി. ആദ്യത്തെ രണ്ടുമാസം കൃത്യമായ ശമ്പളം കിട്ടി. എന്നാൽ ഇത് നാട്ടിലേക്കയക്കാൻ കഴിഞ്ഞില്ല. നാട്ടിലേക്ക് പോകുമ്പോൾ ശമ്പളമെല്ലാം ഒന്നിച്ചുകൊണ്ടുപോകാമല്ലോ എന്ന് കരുതി അത് ഇരുമ്പുപെട്ടിക്കത്ത് കെട്ടിവെച്ചു. പിന്നീട് ശമ്പളം നൽകിയതേയില്ല. നാട്ടിലേക്ക് എഴുത്തയക്കാൻ സമ്മതിച്ചില്ല. ഫോണിനെ പറ്റി അധികമൊന്നും കേട്ടിട്ടില്ല. മറ്റെവിടേക്കും പോകാൻ അനുവദിക്കാതെ, നാട്ടുകാരും വീട്ടുകാരുമായി ബന്ധപ്പെടാൻ സമ്മതിക്കാതെ മരുഭൂമിയിൽ പെരിയസാമിയുടെ അടിമജീവിതം തുടരുകയായിരുന്നു.
    മരുഭൂമിയിൽ വേഗം നേരംവെളുക്കും. ഇരുട്ടുവന്നുമൂടാൻ ഏറെ വൈകും. പുലർച്ചെ നാലിന് മുമ്പേ പെരിയസാമിയുടെ ദിവസം തുടങ്ങും. ദിവസം മാറുന്നത് പോലും അറിയില്ല. നാന്നൂറ് ആടുകളും എഴുപത് ഒട്ടകങ്ങളുമാണ് പെരിയസാമിക്ക് നോക്കാനുള്ളത്. പുലർച്ചെ തന്നെ ആടുകളെയുമായി മരുഭൂമിയിലൂടെ നടന്നുനീങ്ങും. അപ്പോൾ മരുഭൂമി ചൂടാകാൻ തുടങ്ങുന്നതേയുണ്ടാകൂ. പത്തുമണിവരെ ആട്ടിൻപറ്റത്തോടൊപ്പം. (സമയമെല്ലാം ഏകദേശകണക്കാണ്). അപ്പോഴേക്കും മരുഭൂമി പൊള്ളിത്തുടങ്ങുന്നുണ്ടാകും. കാക്ക തണൽ പോലുമില്ല. കുടയില്ല. പൊള്ളുന്ന ചൂടിൽ നാൽക്കാലികൾക്കൊപ്പമങ്ങിനെ നിൽക്കും. പിന്നെ ഒട്ടകങ്ങളുമായി യാത്ര. സൂര്യൻ മായും മുമ്പ് മുമ്പ് എല്ലാത്തിനെയും കൂട്ടിലാക്കും. ആട്ടിൻകുട്ടികളെ പാലൂട്ടി കഴിയാൻ അർധരാത്രി കഴിയും. എല്ലാറ്റിനും വെള്ളവും തീറ്റയും നൽകണം. അതിന് ശേഷം ഒട്ടകങ്ങളെയും നോക്കണം. ഉറങ്ങാൻ കിടക്കുമ്പോഴേക്കും സൂര്യൻ ഉദിച്ചുയരുന്നുണ്ടാകും. ഉറങ്ങിയുണരാൻ വൈകിയാൽ അറബിയുടെ ചാട്ടവാർ ഉയരും. അത് പെരിയസാമിയുടെ മെല്ലിച്ച ദേഹത്ത് തുരുതുരാവന്നുപതിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഉറക്കത്തിലും ഉണർന്നുകൊണ്ടേയിരിക്കും. വെള്ളമില്ലാത്തതിനാൽ കുളിക്കേണ്ട ആവശ്യമില്ല. പ്രാഥമികകൃത്യങ്ങൾക്ക് ശേഷം ശുചിയാക്കാനും വെള്ളംകിട്ടാറില്ല.


    പതിനെട്ട് വർഷത്തിനിടെ അറബിയല്ലാതെ മറ്റൊരു വാക്കും കേട്ടിട്ടില്ല. അതാണെങ്കിൽ ശകാരവും തെറിയും മാത്രം. എന്തുചെയ്താലും അറബിക്ക് കുറ്റമേയുള്ളൂ. ശമ്പളമില്ല. അഥവാ ശമ്പളം കിട്ടിയാൽ തന്നെ എങ്ങിനെ അയക്കാനാണ്. അറബിയുടെ കൽപനകൾ മനസ്സിലായില്ലെങ്കിൽ അടിയാണ്. വാക്കിംങ് സ്റ്റിക്ക് കൊണ്ടാണ് അടി. വാക്കിംങ് സ്റ്റിക്കിന്റെ കൈപ്പിടിയാണ് ദേഹത്ത് പതിക്കുക. മുൻവശത്തെ മൂന്നു പല്ലുകളും കൊഴിച്ചത് വാക്കിംങ് സ്റ്റിക്കാണ്. മറ്റൊരിക്കൽ കിട്ടിയ അടിക്ക് ഊക്ക് അൽപം കുറവായിരുന്നു. പല്ല് കൊഴിഞ്ഞില്ല. അതാണ് ആടിക്കൊണ്ടിരുന്നത്.
    ഫാമിന് അടുത്തുതന്നെയാണ് അറബി താമസിക്കുന്നത്. മലഞ്ചെരുവിനോട് ചേർന്ന്. മൂന്നു കൂടാരങ്ങളുണ്ടായിരുന്നു. രണ്ട് വലിയതും ഒന്ന് തീരെ ചെറുതും. വലിയ രണ്ടെണ്ണത്തിൽ അറബിയുടെ ഓരോ ഭാര്യമാർ താമസിക്കുന്നു. മലയോട് ചേർന്നാണ് പെരിയസാമിയുടെ കുടിൽ. ഇരുമ്പിന്റെ കട്ടിലും ചെറിയൊരു പുതപ്പുമാണ് ആകെയുള്ളത്. കൂളറുണ്ട്. അത് പ്രവർത്തിക്കാറില്ല. കൂടാരത്തിനകത്ത് കയറിക്കിടക്കാൻ നേരം കിട്ടാറില്ല. പതിനെട്ട് കൊല്ലത്തിനിടക്ക് ഒരിക്കൽ പോലും പുതുവസ്ത്രങ്ങൾ കിട്ടിയിരുന്നില്ല. നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന കുപ്പായമാണ് ഇടുന്നത്. വരുന്ന സമയത്ത് അത് ശരീരത്തിന് പാകമായിരുന്നു. പിന്നെപ്പിന്നെ അതിട്ടാൽ അകത്ത് ആളുണ്ടോ എന്ന് തട്ടിനോക്കണം. അറ്റത്ത് കൊളുത്തുള്ള വടിയാണ് പെരിയസാമിയുടെ ആയുധം. ആടുകളെ മേയ്ക്കാനും ഒട്ടകങ്ങളെ നിയന്ത്രിക്കാനുമുള്ളതാണിത്.


    ചില നേരങ്ങളിൽ അറബി ആട്ടിൻകൂട്ടത്തിന്റെ കണക്കെടുക്കും. എണ്ണിക്കൊടുക്കേണ്ടത് പെരിയസാമി തന്നെയാണ്. എണ്ണം കുറഞ്ഞാൽ അടിയാണ്. ആടിനെ കണ്ടെത്തുന്നത് വരെ ഓടിപ്പിക്കും. മരുഭൂമിയിലൂടെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ഓടിക്കൊണ്ടേയിരിക്കും. ആടിനെ കണ്ടുപിടിക്കാതെ തിരിച്ചെത്തിയാൽ അടിയുറപ്പാണ്. കൂട്ടംതെറ്റിപ്പോകുന്ന ആടുകളെ ചിലപ്പോൾ കണ്ടെത്താനാകില്ല. അത്തരം ദിവസങ്ങളിൽ അടിയോടടി തന്നെ. അടിയേൽക്കുമ്പോൾ പെരിയസാമി പൊട്ടിക്കരയും. ആടുകളും അതേറ്റ് കരയും. പതിനെട്ട് വർഷത്തനിടയിൽ അടിയേൽക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല. തളർന്നുകിടക്കുമ്പോൾ അറബിയുടെ കൂടാരത്തിൽ നിന്ന് ആട്ടിറച്ചിയുടെ മണമുയരുന്നുണ്ടാകും. പെരിയസാമിയുടെ കുടിലിന് പിറകിലെ മലയിൽ ആ മണം ഏറെനേരം തട്ടിനിൽക്കും.
    മൈദ കൊണ്ടുണ്ടാക്കുന്ന ഖുബ്ബൂസും തൈരും മാത്രമേ പതിനെട്ട് കൊല്ലത്തിനിടെ പെരിയസാമി കഴിച്ചിട്ടുള്ളൂ. രാവിലെ രണ്ടും രാത്രി ഒന്നും. ഉച്ചക്ക് ഒന്നും കഴിക്കാനുണ്ടാകില്ല. അറബി കാണാതെ വല്ലപ്പോഴും ആടിനെ കറന്നുപാൽ കുടിക്കും. ഒന്നു രണ്ടു തവണ ഇതിനും കിട്ടിയിട്ടുണ്ട് കൊടിയമർദ്ദനം. തണുത്ത വെള്ളം അറബി കൊണ്ടുവെക്കും. എല്ലാ ജോലിയും കഴിഞ്ഞ് അത് കുടിക്കാൻ സമ്മതിക്കൂ. അപ്പോഴേക്കും വെള്ളം ചുട്ടുപൊള്ളുന്നുണ്ടാകും.
    റിയാദിൽ നിന്ന് 590 കിലോമീറ്റർ അകലെ ഹായിലിലെ ഹൈവേയിൽ നിന്നും ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലാണ് പെരിയസാമിയെ അകപ്പെടുത്തി വെച്ചിരുന്നത്. കാട്ടറബിയാണ് പെരിയസാമിയുടെ സ്‌പോൺസർ. ആടുകളെയും ഒട്ടകങ്ങളെയും വിറ്റാണ് അറബിയും കുടുംബവും ജീവിക്കുന്നത്. മൂപ്പെത്തുന്ന ആടുകളെ പിടിച്ചുകൊണ്ടുപോയി വിൽക്കും. ഒട്ടകങ്ങളെ തേടി ആവശ്യക്കാരെത്തും. അവർക്ക് വിൽക്കും. മറ്റു വരുമാനമൊന്നുമില്ല. ഈ സ്ഥലത്തെ പറ്റി അധികമാർക്കും അറിയുമായിരുന്നില്ല. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഒരിടമാണ്. നഗരജീവിതവുമായി അധികം ബന്ധപ്പെടാതെ പാരമ്പര്യരീതികളിൽ ജീവിച്ചുപോരുന്ന കാട്ടറബികൾ. ഒരോ കുടുംബങ്ങളുടെയും വീടുകൾ തമ്മിൽ കിലോമീറ്ററുകളുടെ അകലം. ആർക്കും പരസ്പരമറിയില്ല. മുന്നിൽ വിശാലമായ മരുഭൂമിയാണ്. ഒരു മനുഷ്യജീവൻ പോലുമില്ല. എന്നിട്ടും രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഓടിപ്പോയാൽ മരുഭൂമിയുടെ വന്യതയിൽ വീണുപോകുമെന്നുറുപ്പാണ്. ദിക്കറിയില്ല. മരുഭൂമിയിലെവിടെയെങ്കിലും വീണുമരിച്ചുപോകുമെന്ന് കരുതി. ഭാര്യ അഖിലക്കൊപ്പം ഒരു വർഷത്തിൽ താഴെ മാത്രമാണ് കഴിഞ്ഞത്. അമ്മ അലമേലു കാത്തിരിക്കുന്നു. അവർ പോകാത്ത അമ്പലങ്ങളില്ല. വീട്ടുകാരെയും നാടിനെയുമോർത്ത് പെരിയസാമി തേങ്ങി. ആരും കാണാതെ വേണം കരയാൻ. അറബി കാണേ കരയാൻ പോലും പറ്റില്ല. അതിനും അടിയുറപ്പാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല. അതിനുള്ള സൗകര്യവുമില്ല. ജീവനൊടുക്കുന്നതിനുള്ള സാധനങ്ങളൊന്നുമില്ല. ആടുകളെ വരുതിക്ക് നിർത്താനുള്ള ചെറിയ കൊളുത്തുള്ള വടി മാത്രമേ കൈയിലുള്ളൂ. ഇതുകൊണ്ടെങ്ങിനെ മരണത്തിലേക്ക് നടന്നുകയറും.
    മൂന്നുഭാഗത്തും വിശാലമായ മരുഭൂമി. പിറകിൽ വലിയ മല. കരിമ്പാറക്കൂട്ടങ്ങൾ മലയെ പൊതിഞ്ഞുനിൽക്കുന്നു. അറബി മിക്കനേരത്തും കൂടാരത്തിൽ തന്നെയുണ്ടാകും. വല്ലപ്പോഴും മാത്രമേ പുറത്തുപോകൂ. ആടുകളെ വിൽക്കുന്നതിന് മാത്രം. തിരിച്ചുവരുന്നത് ഏത് വഴിക്കാണെന്നറിയില്ല. കണ്ണിൽ പെട്ടാൽ എന്തുംസംഭവിക്കാം. എങ്ങോട്ടു പോയാലും അയാളറിയും. ഒരിടത്തേക്കും പോകരുതെന്നാണ് കൽപന. തെറ്റിച്ചാൽ അടിയുടെ ഊക്കും എണ്ണവും കൂടും. മരിക്കാൻ പേടിയില്ല. കൊല്ലില്ല. കെട്ടിയിട്ടടിക്കും. കണ്ണിൽ മുളകുവെള്ളമൊഴിക്കും. മരുഭൂമിയിൽ കിടത്തും. കൊല്ലാക്കൊല ചെയ്യും.
    ഒരുദിവസം ഒരാടും കുട്ടിയും കൂട്ടംതെറ്റിപ്പോയി. ആടുകളെയുമായി തിരിച്ചുപോരുമ്പോൾ വെറുതെ ഒന്ന് എണ്ണിനോക്കിയതാണ്. തള്ളയെയും കുട്ടിയെയും കാണാനില്ല. വൈകിട്ട് എണ്ണമെടുക്കുമ്പോൾ അടിയുറപ്പാണ്. മറിച്ചുവിറ്റുവെന്ന് ആക്രോശിച്ചായിരിക്കും അടി. ആട്ടിൻപറ്റത്തെ മേയാൻ വിട്ട് കൂട്ടംതെറ്റിയവക്ക് വേണ്ടി മരുഭൂമിയിലൂടെ പാഞ്ഞു. ദൂരേനിന്നും അറബിയുടെ വാഹനം ഇരമ്പിയെത്തി. ചാടിപ്പോകുകയാണെന്നാണ് അയാൾ കരുതിയത്. വണ്ടിയിൽ നിന്ന് ചാടിയിറങ്ങി പൊതിരെതല്ലി. വാക്കിംങ്സ്റ്റിക്കുകൊണ്ടായിരുന്നു അന്നും അടി. ആ അടിക്കാണ് മുൻനിരയിലെ രണ്ടു പല്ലുകൾ അടർന്നുപോയത്. ആടിനെ തിരഞ്ഞുപോയതായിരുന്നുവെന്ന് പറയാനുള്ള അറബിവാക്കുകൾ പഠിച്ചിട്ടുണ്ടായിരുന്നില്ല. പറഞ്ഞിട്ടും കാര്യമൊന്നുമില്ല. പിന്നീടൊരിക്കൽ പോലും അയാൾ പറയുന്നതിനപ്പുറം പോകാനുള്ള ധൈര്യം കിട്ടിയില്ല. പെരിയസാമി മരുഭൂമിക്കൊപ്പം ഉരുകിയും മരുഭൂമിയിലെ കൊടുംതണുപ്പിൽ മരവിച്ചും ജീവിതം തുടർന്നുകൊണ്ടിരുന്നു.

    മരുഭൂമി അതിനുള്ളിൽ പലപ്പോഴും അത്ഭുതങ്ങൾ കാത്തുവെച്ചിട്ടുണ്ടാകും. ഒരു തുള്ളി വെള്ളം കിട്ടാതെ മരണത്തെ മുഖാമുഖം കാണുമ്പോഴായിരിക്കും ഒരു തെളിനീരുറവ പൊന്തിവരുന്നത്. വഴി തെറ്റി നടക്കുമ്പോഴായിരിക്കും ഒരു യാത്രാ സംഘം മുന്നിലെത്തുക. എല്ലാം സുരക്ഷിതമെന്ന് കരുതി നിൽക്കുമ്പോഴാകും മണൽക്കാറ്റ് എല്ലാ പ്രതീക്ഷകളെയും തകർക്കുന്നത്. മരുഭൂമിയുടെ സ്വഭാവം പ്രവചനാതീതം തന്നെ. മരുഭൂമിയുടെ ഇതേ സ്വഭാവം തന്നെയാണ് പെരിയസാമിയുടെ കാര്യത്തിലും സംഭവിച്ചത്.
    തനിക്ക് വേണ്ടി രക്ഷയുടെ ഒരു കൂടൊരുങ്ങുന്നത് പെരിയസാമി അറിഞ്ഞിരുന്നില്ല. ഫൈസൽ അബ്ദുൽ കരീം അശ്ശംരിയെന്ന സൗദി പൗരനും കൂട്ടുകാരിൽ നിന്ന് ഒരു കഥ കേട്ടു. ഹായിലിൽ നിന്ന് കിലോമീറ്ററുകൾക്കകലെ ഒരു മനുഷ്യൻ അടിമയായി കഴിയുന്നുണ്ടെന്നായിരുന്നു കൂട്ടുകാർ നൽകിയ വിവരം. ഇവിടെ ഒട്ടകങ്ങളെ വാങ്ങാൻ വന്നയാളാണ് അശ്ശംരിയോട് ഈ കഥ പറഞ്ഞത്. മനുഷ്യനെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അശ്ശംരി ഉറപ്പിച്ചു. അങ്ങിനെയാണ് യാത്ര തുടങ്ങിയത്. പെരിയസാമിയെ തേടി അശ്ശംരിയുടെ കാർ മരുഭൂമിയിലൂടെ നാലുദിവസം മണിക്കൂറുകളോളം ഓടി. പലരോടും അന്വേഷിച്ചു. ചിലർക്കറിയില്ല. അറിയാവുന്ന ചിലരുണ്ടായിരുന്നു. അവർ നിരുത്സാഹപ്പെടുത്തി. അവർ അറബിയുടെ ക്രൂരതയെ പറ്റി പറഞ്ഞു. തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. ഒന്നും അശ്ശംരി കേട്ടില്ല. തീരുമാനിച്ചുറപ്പിച്ചതായിരുന്നു. ഒരു ദിവസം വൈകുന്നേരമാണ് അശ്ശംരിയുടെ ദൂരദർശിനിയിൽ ഒരാൾ കയറിവന്നത്. ദൂരെ ഒരിടത്ത് ഒരാൾ ആട്ടിൻ പറ്റങ്ങൾക്കൊപ്പം നിൽക്കുന്നു. താൻ തേടി നടന്നയാൾ ഇത് തന്നെ. ദൂരദർശിനി കാറിലേക്ക് വലിച്ചെറിഞ്ഞ അശ്ശംരി വാഹനത്തിലേക്ക് കുതിച്ചു. മണൽകുന്നിന്നെ വകഞ്ഞുമാറ്റി അശ്ശംരിയുടെ കാർ ഇരച്ചുപാഞ്ഞു. അത് പെരിയസാമിയുടെ മുന്നിലെത്തി നിന്നു.
    പെരിയസാമി ആടുകൾക്ക് പാലു കൊടുക്കുകയായിരുന്നു. ഇറങ്ങിവന്ന അശ്ശംരി എന്തൊക്കെയോ പറഞ്ഞു. പെരിയസാമിക്കൊന്നും മനസ്സിലായില്ല. പതിനെട്ട് കൊല്ലത്തിനിടെ കാണുന്ന മറ്റൊരാളാണ്. ബദവി ഭാഷയല്ലാതെ മറ്റൊന്നും പെരിയസാമിക്കറിയുമായിരുന്നില്ല. ഇവിടെ നിന്ന് രക്ഷപ്പെടണോ എന്നായിരുന്നു അയാൾ നിർത്താതെ ചോദിച്ചുകൊണ്ടിരുന്നത്. അറബി വീണ്ടുംവീണ്ടും ചോദിച്ചു. പിന്നെപിന്നെ പെരിയസാമിക്ക് മനസ്സിലായി, രക്ഷകനാണെന്ന്. കൈകൂപ്പി നിന്ന പെരിയസാമിയുടെ കണ്ണിൽ നിന്ന് പുഴയൊഴുകി. അതുവീണ് മരുഭൂമി വീണ്ടും പൊള്ളി. പെരിയസാമി കൂപ്പിയ കൈകൾ ഇപ്പോഴും അശ്ശംരിയുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്നു. രക്ഷിക്കാനെത്തിയതാണെന്ന് പറഞ്ഞപ്പോഴും പെരിയസാമി വിശ്വസിച്ചില്ല. തന്റെ സാമ്രാജ്യത്തിൽ മറ്റൊരാൾ എത്തിയതറിഞ്ഞ് അറബി ഓടിക്കിതച്ചെത്തി. അയാൾ കൂടുതൽ ക്രൂരനായി. ഇതുവഴി റോഡുണ്ടാക്കുന്നതിന് സർവേക്ക് വന്ന ഉദ്യോഗസ്ഥനാണെന്ന് കളവുപറഞ്ഞാണ് അശ്ശംരി രക്ഷപ്പെട്ടത്. പെരിയസാമിയുടെ ദുരിതകഥയുമായി അശ്ശംരി പോലീസ് സ്റ്റേഷനിലെത്തി. പിറ്റേന്ന് രാവിലെ അശ്ശംരി പോലീസുമായെത്തി. അറബിയെ അറസ്റ്റ് ചെയ്തു. പെരിയസാമിക്ക് മുന്നിൽ രക്ഷയുടെ കവാടം തുറന്നു. ആ യാത്രയാണ് ജിദ്ദ കോൺസുലേറ്റിലെത്തി നിൽക്കുന്നത്.
    നാടും വീടും പെരിയസാമി മറന്നുപോയിരുന്നു. തമിഴ്‌നാട്ടിലാണെന്നറിയാം. സ്വന്തം ഭാഷ പോലും കൈവിട്ടുപോയി. പെരിയസാമിയോട് തമിഴ് സംസാരിക്കാൻ ശ്രമിച്ച മൂർത്തി പരാജയപ്പെട്ടു. ഒരു വാക്കുപോലും പെരിയസാമിക്കറിയില്ല. നാട്ടിൽ നിന്ന് പെരിയസാമിയുടെ സഹോദരൻ തിരുന്നാവക്കരശ് വിളിച്ചപ്പോഴും വാക്കുകൾ കിട്ടാതെ പെരിയസാമി കിതച്ചു.
    സംഭവം പുറംലോകമറിഞ്ഞു. സൗദിയിലെ മാധ്യമങ്ങൾ വൻ കവറേജ് നൽകി. നിരവധി അറബി പത്രങ്ങൾ ലേഖനങ്ങളെഴുതി. സൗദിയുടെ മുഖം ലോകത്തിന് മുന്നിൽ വികൃതമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പെരിയസാമിയെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കയക്കണമെന്നായാരുന്നു പ്രമുഖ വനിത കോളമിസ്റ്റ് സൂസൻ അൽ മശ്ഹദി അറബി പത്രത്തിൽ എഴുതിയത്. സ്‌പോൺസറുടെ പ്രായം പരിഗണിക്കാതെ അയാൾക്കും അതേ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. ഇരട്ടി ശമ്പളവും നിരവധി സമ്മാനങ്ങളും നൽകി പെരിയസാമിയെ ഉടൻ നാട്ടിലേക്ക് അയക്കണമെന്നും വീടും കാറും നൽകി അയാളെ സന്തോഷിപ്പിക്കണമെന്നും അവർ എഴുതി.
    സൗദിയിലെ കോടതികളും ഇടപ്പെട്ടു. ഇത്രയും കാലത്തെ ജോലിയുടെ ശമ്പളം ഒന്നിച്ചുനൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 82500 റിയാൽ ലഭിച്ചു. ചില സന്നദ്ധസംഘടനകളും സഹായിച്ചു. എല്ലാം കിട്ടിയ സന്തോഷത്തിൽ പെരിയസാമി നാട്ടിലേക്ക് തിരിച്ചു. പെരിയസാമി തന്റെ കാണാതായ ഭർത്താവ് ശെൽവമാണെന്നവകാശപ്പെട്ട് ചെന്നൈ എയർപോർട്ടിൽ ഒരു സ്ത്രീ ബഹളം വെച്ചു. അവരുടെ ഭർത്താവിനെ വർഷങ്ങൾക്ക് മുമ്പ് കാണാതായതായിരുന്നു. ശെൽവമല്ലെന്ന് തിരിച്ചറിഞ്ഞ സ്ത്രീ തിരിച്ചുപോയി.
    സൗദിയിലെ മരുഭൂച്ചൂടിൽ ഉരുകുമ്പോഴും ഭാര്യ അഖില തണുപ്പായി പെരിയസാമിയുടെ ഉള്ളിലുണ്ടായിരുന്നു. പെരിയസാമിയുടെ സ്വപ്നങ്ങളിൽ അഖില മാത്രമേയുണ്ടായിരുന്നുള്ളൂ. അഖിലക്ക് വേണ്ടിയായിരുന്നു പെരിയസാമിയുടെ ഉള്ളംതുടിച്ചിരുന്നത്. നാട്ടിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഷോപ്പിംങ് നടത്താൻ പെരിയസാമിയെ സൗദി പോലീസ് അനുവദിച്ചിരുന്നു. മുവായിരം രൂപക്ക് ഒരു പവൻ പൊന്ന് കിട്ടുമെന്നായിരുന്നു പെരിയസാമി കരുതിയിരുന്നത്. എന്നാൽ പൊന്നിന് മുവായിരത്തിൽ നിന്ന് ഇരുപത്തിരണ്ടായിരവും കടന്ന വിവരം കാര്യം പെരിയസാമി അറിഞ്ഞിരുന്നില്ല. കയ്യിലുള്ള കുറച്ച് പൈസ കൊണ്ട് അമ്മക്കും ഭാര്യക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം കുറച്ച് സാധനങ്ങൾ വാങ്ങി. ഭാര്യക്ക് സാരി വാങ്ങി. പെരിയസാമി വാങ്ങിയതിൽ ഏറ്റവും വിലകൂടിയ സാധനമായിരുന്നു അത്.
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ സാമൂഹ്യക്ഷേമം കോൺസൽ മൂർത്തിയാണ് പെരിയസാമിയൂടെ കാര്യങ്ങളിൽ ഇടപ്പെട്ടിരുന്നത്. നാട്ടിലുള്ള പെരിയസാമിയുടെ സഹോദരൻ തിരുന്നാവക്കരശുമായി മൂർത്തി ബന്ധപ്പെട്ടിരുന്നു. അഖിലയുടെ കല്യാണം ഒരുവർഷം മുമ്പ് നടന്നതായി തിരുന്നാവക്കരശ് മൂർത്തിയോട് പറഞ്ഞു. ഇക്കാര്യം പെരിയസാമിയെ ഒരുനിലക്കും ഇപ്പോൾ അറിയിക്കരുതെന്ന് മൂർത്തി ആവശ്യപ്പെട്ടു. ഭാര്യ ഇല്ലെന്നറിയുമ്പോൾ മരുഭൂമിയിലേക്ക് തന്നെ തിരിച്ചുപോകുമെന്നായിരുന്നു മൂർത്തി ഭയപ്പെട്ടത്.
    തമിഴ്‌നാട്ടിലെ ട്രിച്ചി പെരുമ്പള്ളൂരിൽ നിന്ന് 18 കിലോമീറ്റർ അകലെ കാരക്കുടിയാണ് പെരിയസാമിയുടെ നാട്. പതിനെട്ട് കൊല്ലം മരുഭൂമിയിലെ ചൂടും തുടർന്ന് പോലീസുകാരുടെ സാന്നിധ്യത്തിലുള്ള യാത്രയും ചോദ്യം ചെയ്യലുമെല്ലാം കഴിഞ്ഞാണ് പെരിയസാമി കാരക്കുടിയിലെ വീട്ടിലെത്തിയത്. മാരിയമ്മൻ കോവിലിന് പിറകിലാണ് വീട്. അവിടെ സ്വീകരിക്കാൻ അമ്മ അലമേലുവും അയൽവാസികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഖിലക്ക് വേണ്ടി പെരിയസാമിയുടെ കണ്ണുകൾ പരതി. അഖില മാത്രമില്ല. ഏറെനേരം കഴിഞ്ഞാണ് അഖിലയുടെ കല്യാണം ഒരു വർഷം മുമ്പ് കഴിഞ്ഞുപോയ വിവരം പെരിയസാമി അറിഞ്ഞത്. പതിനേഴ് കൊല്ലത്തോളം പെരിയസാമിയെ അഖില കാത്തിരുന്നു. പെരിയസാമിയുടെ അമ്മ അലമേലുവും അഖിലയും തമ്മിൽ വഴക്കായിരുന്നു എന്നും. പെരിയസാമിയെ കാണാതായതിന് കാരണം അഖിലയെ കല്യാണം കഴിച്ചതാണെന്നായിരുന്നു അമ്മയുടെ വിശ്വാസം. ചില ജോത്സ്യൻമാരാണ് അലമേലുവിനോട് ഇക്കാര്യം പറഞ്ഞത്. അതവർ വിശ്വസിച്ചു. പെരിയസാമി തിരിച്ചുവരില്ലെന്ന് ബന്ധുക്കളും മറ്റും ഉറപ്പിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അവർ രണ്ടാം വിവാഹത്തിന് സമ്മതിച്ചത്. അഖില ഇല്ലെന്നറിഞ്ഞതോടെ പെരിസാമിയുടെ നിയന്ത്രണം വിട്ടു. അതുവരെ അടക്കിപ്പിടിച്ച കരച്ചിൽ ഓലക്കുടിലിനെയും ഭേദിച്ച് പുറത്തേക്കുവന്നു. അടുത്തദിവസം തന്നെ പെരിയസാമി അഖിലയെ കാണാൻ പുറപ്പെട്ടു. പ്ലാസ്റ്റിക് സഞ്ചിയിൽ അഖിലക്കുള്ള സാരിയുമുണ്ടായിരുന്നു. അഖിലയുടെ വീട്ടുമുറ്റത്ത് തന്നെ അവരുടെ അച്ഛനും സഹോദരങ്ങളും പെരിയസാമിയെ തടഞ്ഞു. അവളിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്. പഴയതൊന്നും അവളെ ഓർമ്മിപ്പിക്കരുത്. പതിനേഴ് കൊല്ലം അവൾ കാത്തിരുന്നു. ഇനി അവളൊന്ന് ജീവിച്ചോട്ടെയെന്ന ആവശ്യത്തിന് മുന്നിൽ വീണ്ടും പെരിയസാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അഖിലക്കായി വാങ്ങിയ സാരി നെഞ്ചോട് ചേർത്തുപിടിച്ച് പെരിയസാമി മടങ്ങി.


    അമ്മ അലമേലുവും പെരിയസാമിയും തമ്മിൽ ഇപ്പോൾ വഴക്കാണ്. പെരിയസാമിയുടെ ദുരിതത്തിന് കാരണം അഖിലയെ കല്യാണം കഴിച്ചതാണെന്നാണ് അമ്മയുടെ വാദം. ഇത് പെരിയസാമി സമ്മതിച്ചുകൊടുത്തിട്ടില്ല. കാരക്കുടിയിലെ മാരിയമ്മൻ കോവിലിന് പിറകിലെ വീട്ടിൽ പെരിയസാമിയെ തേടി ചിലർ വരാറുണ്ട്. അതൊന്നും അമ്മ അലമേലുവിന് തീരെ പിടിക്കില്ല. ആരെങ്കിലും വന്നാൽ അവർ വീട്ടിൽ നിന്നിറങ്ങിപ്പോകും. പെരിയസാമി ഒന്നും പറയില്ല.
    കാരക്കുടി ഗ്രാമത്തിൽ പെരിയസാമിയെ കാണുമ്പോൾ ആളാകെ മാറിയിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് ജിദ്ദയിൽ കോൺസുലേറ്റിൽ നിന്ന് കാണുമ്പോഴുള്ള പെരിയസാമിയേ അല്ല. മുൻ വശത്തെ മോണയിലെ വിടവ് വെപ്പുപല്ല് വച്ച് അടച്ചിരിക്കുന്നു. മുടിയും താടിയും വെട്ടിയൊതുക്കിയിട്ടുമുണ്ട്. അഖില പോയതോടെ മുറപ്പെണ്ണ് പുകൾശെൽവിയെ കൂട്ടി പെരിയസാമി പുതിയ ജീവിതം തുടങ്ങി. പുകൾശെൽവിയുടെ അച്ഛൻ അവർക്കായി രണ്ടേക്കർ നിലം നൽകിയിരുന്നു. ഇവിടെ ചോളവും കരിമ്പും കൃഷി ചെയ്ത് പെരിയസാമി കാത്തിരിക്കുന്നു. ചോളം രണ്ടു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാനാകും. കരിമ്പിന് അതിലുമേറെ കാത്തിരിക്കണം. ചോളം നല്ല വിളവ് നൽകുമെന്നാണ് പ്രതീക്ഷ. കരിമ്പെല്ലാം കുരങ്ങുകൾ കടിച്ചുനശിപ്പിക്കുകയാണ്. എങ്കിലും പെരിയസാമിക്ക് പ്രതീക്ഷയുണ്ട്, എല്ലാം ശരിയാകുമെന്ന്.
    പതിനെട്ടു കൊല്ലം എങ്ങിനെ മരുഭൂമിയിൽ കഴിച്ചുകൂട്ടിയെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാത്ത ഒരിരത്തമുണ്ട് പെരിയസാമിക്ക്. പിന്നെ സംസാരിച്ചുതുടങ്ങുന്നത് പെരിയസാമിയുടെ കണ്ണുകളാണ്. പതിനെട്ട് കൊല്ലവും പെരിയസാമി മരുഭൂമിയിലിരുന്ന് കരഞ്ഞിട്ടുണ്ട്. ആ കണ്ണീർ വറ്റിയിട്ടില്ല. ആ കണ്ണീർ ഇപ്പോഴും ഒലിച്ചുകൊണ്ടിരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aadujeevitham Blessy Periyasami Prithiraj Saudi desert
    Latest News
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version