ദമാം: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ കുറ്റ്യാടിക്കാരുടെ സംഗമ സ്ഥാനവും കുറ്റ്യാടിയിലേയും പരിസര പ്രദേശങ്ങളിലേയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രവും ആയിരുന്ന ‘കുറ്റ്യാടി ഹൗസ്’ ഇനി ഓർമകളിലേക്ക്. ബിൽഡിങ് ഉടമ കെട്ടിടവും സ്ഥലവും മറ്റൊരാൾക്ക് കൈമാറിയതിനാലാണ് ഈ കെട്ടിടം ഓർമ്മയിലേക്ക് മടങ്ങുന്നത്. കാലപ്പഴക്കം കാരണം പുതുക്കിപ്പണിയാറായ ബിൽഡിംഗ് നിലവിലെ താമസക്കാരിൽ ബാക്കിയുള്ള കുറ്റ്യാടിക്കാരനായ എം.എം മുബാറകിൽ നിന്നും 2024 നവംബർ 15ന് ഒഴിപ്പിച്ചത്.
1980 മുതൽ ദമ്മാമിൽ എത്തിയ കുറ്റ്യാടിയിലേയും പരിസര പ്രദേശങ്ങളിലേയും പ്രവാസികളിൽ പ്രമുഖരായ എം.എം അബ്ദുസ്സമദ്(അടുക്കത്തു), മാഞ്ചാൻ ഹമീദ് (കുറ്റ്യാടി), കൊടുമ മൊയ്‌ദു (തളീക്കര), വി.പി.സി അബ്ദുല്ല ഹാജി (കായക്കൊടി), പരേതനായ വണ്ണാർ കണ്ടി അബൂബക്കർ (കുറ്റ്യാടി), പുഴക്കൽ മൊയ്‌തു ഹാജി (കടിയങ്ങാട്) മുതലായവർ തുടക്കം കുറിച്ച റിലീഫ് കമ്മിറ്റിയുടെ ആസ്ഥാനമെന്ന നിലയിൽ തുടങ്ങിയ കേന്ദ്രമായിരുന്നു ഇത്. പിന്നീട് അത് ദമ്മാമിലെത്തുന്ന കുറ്റ്യാടിയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ പ്രവാസികളുടേയും കേന്ദ്രമായും പുതുതായി നാട്ടിൽ നിന്ന് വരുന്നവർക്കും ജോലിയില്ലാത്തവർക്കുമുള്ള ആശ്രയസ്ഥലമായും മാറുകയായിരുന്നു.
2010ഓടുകൂടെ സൗദിയിൽ സ്വദേശി വൽക്കരണം ശക്തമാവുന്നതിന് മുമ്പും കുറ്റ്യാടിക്കാരുടെ കൂട്ടായ്മ ദമ്മാമിൽ സജീവമായി നിലനിന്നുമിരുന്ന കാലത്തുമായി 500ൽ അധികം കുറ്റ്യാടിക്കാരുടെ സംഗമസ്ഥലവും വാരാന്ത്യങ്ങളിൽ അവർക്കു ഒത്തുകൂടാനുള്ള ‘കുറ്റ്യാടിക്കരുടെ വീടുമായിരുന്നു’ ദമ്മാമിലെ കുറ്റ്യാടി ഹൗസ്. അതുകൊണ്ടുതന്നെ വാരാന്ത്യങ്ങളിൽ കലാസാംസ്കാരിക പരിപാടികളും ദീനീ വിക്ഞ്ജാന ക്‌ളാസ്സുകളും അവിടെ നടന്നു പോന്നിരുന്നു. മലയാളം ന്യൂസ് എഡിറ്റർ ആയിരുന്ന പി.എ.എം ഹാരിസ്(നിലമ്പൂർ) , കെ ഐ ജി നേതാവ് കെ എം ബഷീർ (ആലപ്പുഴ), ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകനും ദമ്മാം ഇസ്ലാഹി സെന്റർ ഡയറക്ടറുമായിരുന്ന ഈസ മദനി, കെ എം സി സി നേതാക്കളായ ബക്കർ എടയന്നൂർ , മർഹൂം എഞ്ചിനീയർ ഹാഷിം (കണ്ണൂർ) എന്നിവർ ഇവിടുത്തെ പരിപാടികളിൽ സജീവമായിരുന്നു.
നാട്ടിൽ നിന്നോ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നോ ദമ്മാമിന് പുറത്തുള്ള സൗദിയിലെതന്നെ മറ്റു സ്ഥാലങ്ങളിൽ നിന്നോ ദമാം സന്ദർശിക്കുന്ന നാട്ടുകാരുടെ ഇടത്താവളം കൂടി ആയിരുന്നു അത്. കുറ്റ്യാടിക്കാരായ പരേതരായ കെ മൊയ്‌തു മൗലവി, ടി കെ അബ്ദുല്ല, എം.എ റഹീം മൗലവി, സി എസ് കെ തങ്ങൾ, ഹാജി പൊറോറ, കെ വി കുഞ്ഞമ്മദ് ബോംബെ (ദേവർകോവിൽ) തുടങ്ങിയ പ്രമുഖർ സംഘടനാ വ്യത്യാസമില്ലാതെ അവരുടെ ദമ്മാം സന്ദർശന വേളയിൽ കുറ്റ്യാടി ഹൗസിൽ തങ്ങുകയോ സന്ദർശിക്കുകയോ ചെയ്തവരിൽ പ്രമുഖരാണ്.
പ്രവാസജീവിതം അവസാനിപ്പിച്ചു ഇപ്പോൾ നാട്ടിലും ദമ്മാമിലെ ജോലി അവസാനിപ്പിക്കേണ്ടിവന്നു മറ്റു ഗൾഫ്-വിദേശ രാജ്യങ്ങളിലുമൊക്കെയായി കഴിയുന്ന കുറ്റ്യാടിക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ഗൃഹാതുരത്വം തുളുമ്പുന്ന ഒരുപാട് ഓർമ്മകൾ സമ്മാനിച്ചാണ് കുറ്റ്യാടി ഹൗസ് വിസ്മൃതിയിലേക്ക് മടങ്ങുന്നത്.