ജിദ്ദ- സൗദി അറേബ്യയിലെ റിയാദിലേക്ക് ജോലിക്ക് വന്ന സമയത്ത് പാലക്കാട് തൃത്താലക്ക് സമീപം പെരിങ്ങോട് മാത്തുപ്പുള്ളി പീടികവളപ്പിൽ ഇബ്രാഹീമിന് മുന്നിലെ മണലിൽ കഫീൽ കുറെ അക്കങ്ങളെഴുതി. അത് ഇബ്രാഹീമിന്റെ ശമ്പളമായിരുന്നു. ഇനിയങ്ങോട്ട് ഇബ്രാഹീമിന് സൗദിയിൽനിന്ന് ലഭിക്കാനുള്ള ശമ്പളമാണ് സ്പോൺസർ മണലിൽ എഴുതിക്കൊടുത്തത്. പിന്നീട് ഇബ്രാഹിമിന്റെ ജീവിതം മരുഭൂമിയിലെ ആടുകൾക്കൊപ്പമായിരുന്നു.
ആടുകൾക്കൊപ്പമുള്ള ഇബ്രാഹിമിന്റെ ജീവിതം പക്ഷെ, ആടുജീവിതത്തിലെ നജീബ് അനുഭവിച്ചതുപോലെയുള്ളതായിരുന്നില്ല. ആടുകളോട് ഇബ്രാഹീമും ആടുകൾ ഇബ്രഹീമിനോടും സ്നേഹം കാണിച്ചു. കഫീലിന്റെ അടുപ്പവും ഇഷ്ടവും വേറെയും. ഇബ്രാഹീമിന്റെ എന്ത് ആവശ്യങ്ങൾക്കും കഫീൽ കൂടെനിന്നു. വർഷങ്ങളോളും ആടുകൾക്കൊപ്പം മരുഭൂമിയിൽ ഇബ്രാഹീം കഴിച്ചുകൂട്ടി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ ജീവിച്ചു തുടങ്ങിയിട്ടും ആടുകളോടുള്ള സ്നേഹം ഇബ്രാഹീമിന് മതിയായില്ല. വലിയൊരു ആടുഫാമുമായി ഇബ്രാഹീം ജീവിതം തുടരുകയാണ്.
ആടുകളുടെ എൻസൈക്ലോപീഡിയ എന്ന നിലയിലാണ് ഇബ്രാഹിമിന്റെ വളർച്ച. ഡോക്ടർമാർ അടക്കം നിരവധി പേരാണ് ഇബ്രാഹീമിനെ ആടുകളുടെ അസുഖവുമായി ബന്ധപ്പെടുന്നത്.
വേറിട്ടവാര്‍ത്തകള്‍ക്കായി വാട്സ്ആപ്പില്‍ ജോയിന്‍ ചെയ്യുക
പ്രവാസം അവസാനിപ്പിച്ചിട്ടും തന്റെ കഫീലുമായുള്ള ബന്ധം ഇപ്പോഴും ഇബ്രാഹീം തുടരുന്നുണ്ട്. തന്റെ എന്ത് ആവശ്യത്തിനും ഒരു വിളിപ്പുറത്ത് കഫീലുണ്ട് എന്ന ധൈര്യമാണ് ഇബ്രാഹീമിന്. പണവും ഉപഹാരങ്ങളുമായി ഇബ്രാഹീമിനെ കഫീൽ സഹായിച്ചുകൊണ്ടിരിക്കുന്നു. ജിദ്ദയിലെ പ്രമുഖ യുറ്റ്യൂബറായ സാം വ്ലോഗർ ഇബ്രാഹിമിന്റെ ജീവിതം അവതരിപ്പിച്ചിരുന്നു. കഫീൽ അന്ന് മണലിൽ എഴുതിയ അക്കങ്ങളുടെ ഓർമ്മയിൽ ഇബ്രാഹീം ഇപ്പോഴും ജീവിക്കുന്നു.