റിയാദ് – പത്തു വർഷത്തിനുള്ളിൽ സൗദിയിൽ നിന്ന് ബഹിരാകാശത്തേക്ക് വിനോദസഞ്ചാര യാത്രകൾ ആരംഭിക്കുമെന്ന് ഹലോ സ്പേസ് കമ്പനി. റിയാദിൽ ടൂറൈസ് ഫോറത്തിലാണ് ഹലോ സ്‌പേസ് ചരിത്ര പ്രഖ്യാപനം നടത്തിയത്. മിഡാന സൗദി അറേബ്യ അടക്കമുള്ള പങ്കാളികളുമായി ചേർന്നാണ് കമ്പനി സൗദിയിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ നിയർ-സ്പേസ് ടൂറുകൾ സംഘടിപ്പിക്കുക. ഇതിനുള്ള റോഡ്മാപ്പ് ഹലോ സ്പേസ് പുറത്തിറക്കി. യാത്രക്കാർക്ക് നിയർ-സ്പേസിലേക്ക് കയറാനും 30 കിലോമീറ്ററിൽ കൂടുതൽ ഉയരത്തിൽ നിന്ന് ഭൂമിയുടെയും ഇരുണ്ട ആകാശത്തിന്റെയും കാഴ്ച ആസ്വദിക്കാനും അവസരമൊരുക്കും.
ടൂറുകൾ സൗദിയിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് ഹലോ സ്‌പേസ് വ്യക്തമാക്കി. 2029 ഓടെ അമേരിക്ക, ഓസ്‌ട്രേലിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്ന് സ്പേസ് ടൂറുകൾ ആരംഭിക്കുമെന്നു കമ്പനി വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകളും ബലൂണുകളും ഉപയോഗിച്ച് മുകളിലെ അന്തരീക്ഷത്തിലെത്താൻ കഴിയുന്ന വാണിജ്യ ബഹിരാകാശ യാത്രകളുടെ ആഗോള ശൃംഖല സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സെമി-സ്പേസ് ടൂറിസം എന്ന ആശയം ആദ്യമായി മിഡിൽ ഈസ്റ്റ് മേഖലയിൽ അവതരിപ്പിക്കുന്നതിലൂടെ, ഭാവിയിലെ യാത്രയിൽ ഗുണപരമായ മാറ്റം വരുത്താൻ ഈ ചുവടുവെപ്പ് സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി വിനോദസഞ്ചാര മേഖലയിൽ നവീകരണം നടത്തുന്ന ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.



