റിയാദ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ പദ്ധതി എങ്ങിനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ അഞ്ചു രാജ്യങ്ങളുടെ ഉച്ചകോടി റിയാദില്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫെബ്രുവരി 27 ന് കയ്റോയില്‍ അടിയന്തിര അറബ് ഉച്ചകോടി നടക്കുന്നതിന് മുമ്പായി ഫെബ്രുവരി 20 ന് സൗദി അറേബ്യയില്‍ മിനി അറബ് ഉച്ചകോടി നടക്കുമെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു. കയ്‌റോയില്‍ നടക്കുന്ന അടിയന്തിര ഉച്ചകോടിക്കു പിന്നാലെ ഒ.ഐ.സി ഉച്ചകോടി നടത്താനും ശ്രമമുണ്ട്.
ട്രംപിന്റെ പദ്ധതിക്ക് ഈജിപ്ത് മറുപടി നല്‍കുമെന്നും സൗദി അറേബ്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അറബ് രാജ്യങ്ങള്‍ പിന്നീട് ഇത് വിശകലനം ചെയ്യുമെന്നും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് വാഷിംഗ്ടണില്‍ പറഞ്ഞു. ട്രംപിന്റെ പദ്ധതിയെ പിന്തുണക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജോര്‍ദാന്‍ രാജാവ് ഇങ്ങിനെ പറഞ്ഞത്.
അതേസമയം, ഗാസയെ സംബന്ധിച്ച ജോര്‍ദാന്റെയും ഈജിപ്തിന്റെയും നിലപാടുകള്‍ ഒന്നാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ജോര്‍ദാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാഷിംഗ്ടണില്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ ശേഷമാണ് ഗാസ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും നിലപാടുകളിലെ ഐക്യം ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ജോര്‍ദാന്‍ രാജാവും വ്യക്തമാക്കിയത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കല്‍, ബന്ദികളെ മോചിപ്പിക്കുന്നത് തുടരല്‍, റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കല്‍ എന്നിവയുള്‍പ്പെടെ ഈജിപ്ഷ്യന്‍, ജോര്‍ദാന്‍ നിലപാടുകളുടെ ഐക്യം ഇരു നേതാക്കളും വ്യക്തമാക്കിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയെ സ്വന്തം രാജ്യത്തു നിന്ന് പുറത്താക്കാതെ ഗാസയില്‍ പുനര്‍നിര്‍മാണ പ്രക്രിയ ഉടന്‍ ആരംഭിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.
ഫലസ്തീനികളുടെ കുടിയിറക്കല്‍ നിരാകരിക്കുന്ന പൊതു നിലപാട് ഇരു നേതാക്കളും സ്ഥിരീകരിച്ചതായി ജോര്‍ദാനിയന്‍ റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ശക്തമായി സഹകരിക്കാന്‍ ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു.
ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റാനുള്ള യു.എസ് പ്രസിഡന്റിന്റെ പദ്ധതിക്കെതിരെ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും വിസമ്മതിച്ചാല്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഫലസ്തീനികളെ കുടിയിറക്കുന്നതിനെതിരെ ജോര്‍ദാന്റെ ഉറച്ച നിലപാട് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അബ്ദുല്ല രണ്ടാമന്‍ രാജാവ് വ്യക്തമാക്കിയിരുന്നു. ഇത് ഏകീകൃത അറബ് നിലപാടാണെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞു.
ഈ മാസാവസാനം കയ്റോയില്‍ അടിയന്തിര അറബ് ഉച്ചകോടി നടത്തുമെന്നും ഫലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ തുടരുന്നത് ഉറപ്പാക്കി ഗാസ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി അവതരിപ്പിക്കുമെന്നും ഈജിപ്ത് അറിയിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ അടിയന്തര മന്ത്രിതല യോഗം നടത്താനുള്ള പ്രാഥമിക അനുമതിയും ഈജിപ്ത് നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group