ജിദ്ദ – സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ മാസം നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട വിവരങ്ങള്‍ വെളിപ്പെടുത്തി. ജനുവരിയില്‍ 1,370 കോടി റിയാലാണ് സൗദി പ്രവാസികള്‍ ബാങ്കുകളും മണിഎക്‌സ്‌ചേഞ്ചുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. 2024 ജനുവരിയില്‍ വിദേശികള്‍ അയച്ച പണത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണിത്. 2021 മാര്‍ച്ചിനു ശേഷം സൗദി പ്രവാസികളുടെ റെമിറ്റന്‍സില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്.
എന്നാല്‍ കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ വിദേശികള്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ അയച്ച പണത്തില്‍ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി. 2022 മാര്‍ച്ചിനു ശേഷം സൗദി പ്രവാസികള്‍ അയച്ച ഏറ്റവും ഉയര്‍ന്ന തുകയാണ് ഡിസംബറിലെത്. തുടര്‍ച്ചയായി രണ്ടു വര്‍ഷം കുറഞ്ഞ ശേഷം കഴിഞ്ഞ കൊല്ലം വിദേശികളുടെ റെമിറ്റന്‍സില്‍ വളര്‍ച്ച രേഖപ്പെടുത്തി. 2024 ല്‍ സൗദി പ്രവാസികള്‍ 14,400 കോടി റിയാലാണ് നിയമാനുസൃത രീതിയില്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. 2023 നെ അപേക്ഷിച്ച് 2024 ല്‍ പ്രവാസികളുടെ റെമിറ്റന്‍സ് 14 ശതമാനം തോതില്‍ വര്‍ധിച്ചു.
ജനുവരിയില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ 610 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ കൊല്ലം ജനുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സ്വദേശികള്‍ അയച്ച പണത്തില്‍ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തുടര്‍ച്ചയായി ഏഴാം മാസമാണ് സ്വദേശികള്‍ അയക്കുന്ന പണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group