- ഇസ്ലാമിക സേവന വിഭാഗത്തില്‍ അവാര്‍ഡ് ജേതാവിനെ ഈ മാസാവസാനം പ്രഖ്യാപിക്കും
റിയാദ് – നാല്‍പത്തിയേഴാമത് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാക്കളെ റിയാദില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രഖ്യാപിച്ചു. കിംഗ് സൗദ് സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാര്‍, സെല്ലുലാര്‍ തെറാപ്പിയില്‍ മുന്നേറ്റം കൈവരിച്ച കനേഡിയന്‍ ശാസ്ത്രജ്ഞന്‍, കാര്‍ബണ്‍ നാനോട്യൂബുകളില്‍ മുന്‍നിര ഗവേഷണങ്ങള്‍ നടത്തുന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്‍ എന്നിവര്‍ അറബ് ലോകത്തെ ഏറ്റവും വിലപ്പെട്ട പുരസ്‌കാരത്തിന് അര്‍ഹരായി.
45 രാജ്യങ്ങളില്‍ നിന്നുള്ള 295 പേര്‍ക്ക് ഇതുവരെ കിംഗ് ഫൈസല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചതായി അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച കിംഗ് ഫൈസല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ബന്ദര്‍ ബിന്‍ സൗദ് ബിന്‍ ഖാലിദ് രാജകുമാരന്‍ പറഞ്ഞു. ഇസ്‌ലാമിക സേവന വിഭാഗത്തില്‍ കിംഗ് ഫൈസല്‍ അവാര്‍ഡ് വിജയിയെ ഈ മാസാവസാനം പ്രഖ്യാപിക്കുമെന്നും ബന്ദര്‍ ബിന്‍ സൗദ് ബിന്‍ ഖാലിദ് രാജകുമാരന്‍ പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നടന്ന സൂക്ഷ്മമായ ചര്‍ച്ചകള്‍ക്ക് ശേഷം 2025 ലെ കിംഗ് ഫൈസല്‍ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റികള്‍ പുരസ്‌കാരത്തിന്റെ നാലു വിഭാഗങ്ങളായ ഇസ്‌ലാമിക പഠനങ്ങള്‍, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നിവയിലെ വിജയികളെ നിര്‍ണയിക്കുന്ന തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നതായി അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ട് കിംഗ് ഫൈസല്‍ പ്രൈസ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അല്‍സുബൈല്‍ പറഞ്ഞു. ഇസ്‌ലാമിക പഠന വിഭാഗത്തില്‍ റിയാദ് കിംഗ് സൗദ് സര്‍വകലാശാലയിലെ പ്രാഫസര്‍മാരായ സഅദ് അബ്ദുല്‍ അസീസ് അല്‍റാശിദും സഈദ് ബിന്‍ ഫായിസ് അല്‍സഈദും സംയുക്തമായി അവാര്‍ഡ് പങ്കിട്ടു. അറേബ്യന്‍ ഉപദ്വീപിലെ പുരാവസ്തു പഠനങ്ങള്‍ എന്നതായിരുന്നു ഇസ്‌ലാമിക പഠന വിഭാഗത്തില്‍ ഇത്തവണത്തെ വിഷയം. ഇരുവരും സൗദി പൗരന്മാരാണ്.
അറേബ്യന്‍ ഉപദ്വീപിലെ ഇസ്‌ലാമിക പുരാവസ്തു കേന്ദ്രങ്ങളെയും ലിഖിതങ്ങളെയും കുറിച്ച പഠനത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് പ്രൊഫ. സഅദ് അബ്ദുല്‍ അസീസ് അല്‍റാശിദിന് പുരസ്‌കാരം ലഭിച്ചത്. പ്രൊഫ. സഅദ് അബ്ദുല്‍ അസീസ് അല്‍റാശിദിന്റെ സംഭാവനകള്‍ ഈ മേഖലയിലെ പണ്ഡിതര്‍ക്ക് ശാസ്ത്രീയവും രീതിശാസ്ത്രപരവുമായ അടിത്തറ പാകി. അദ്ദേഹത്തിന്റെ കൃതികള്‍ ഇസ്‌ലാമിക നാഗരികതയെക്കുറിച്ച ശാസ്ത്രീയ അറിവ് സമ്പന്നമാക്കുകയും ഭാവി തലമുറയിലെ ഗവേഷകര്‍ക്ക് ഒരു അനുഭവ സ്രോതസ്സായി മാറുകയും ചെയ്തിട്ടുണ്ട്.
സമ്പന്നമായ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ളതും നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിച്ചതുമായ ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് പ്രൊഫ. സഈദ് ബിന്‍ ഫായിസ് അല്‍സഈദിന് പുരസ്‌കാരം ലഭിച്ചത്. അറേബ്യന്‍ ഉപദ്വീപിലെ ലിഖിതങ്ങളെയും പുരാതന രചനകളെയും കുറിച്ചുള്ള പഠനങ്ങളില്‍ താരതമ്യ രീതിശാസ്ത്രത്തിന്റെ അദ്ദേഹത്തിന്റെ അനുരൂപീകരണം ഇസ്‌ലാമിന് മുമ്പുള്ള അറേബ്യന്‍ ഉപദ്വീപിലെ നാഗരികതകളുടെ ചരിത്രം മനസ്സിലാക്കുന്നതില്‍ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രൊഫ. സെഈദ് ബിന്‍ ഫായിസ് അല്‍സഈദിന്റെ പഠനങ്ങള്‍ അറേബ്യന്‍ ഉപദ്വീപിന്റെയും പുരാതന നിയര്‍ ഈസ്റ്റിന്റെയും ചരിത്രപഠന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിതര്‍ക്ക് ഒരു പ്രധാന ശാസ്ത്രീയ റഫറന്‍സാണ്.
അവാര്‍ഡിന് പരിഗണിക്കാന്‍ യോഗ്യമായ കൃതികള്‍ നാമനിര്‍ദേശം ചെയ്യപ്പെടാത്തതിനാല്‍ അറബി ഭാഷാ, സാഹിത്യ വിഭാഗത്തില്‍ ഇത്തവണ കിംഗ് ഫൈസല്‍ അവാര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. അറബി സാഹിത്യത്തില്‍ സ്വത്വത്തെ കുറിച്ച പഠനങ്ങള്‍ എന്നതായിരുന്നു ഇത്തവണ അറബി ഭാഷാ, സാഹിത്യ വിഭാഗത്തിലെ വിഷയം.
മെഡിസിന്‍ വിഭാഗത്തില്‍ കനേഡിയന്‍ പൗരനും അമേരിക്കയിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് സെന്ററിലെ സെന്റര്‍ ഫോര്‍ സെല്‍ എന്‍ജിനീയറിംഗിന്റെ ചെയര്‍മാനും ഡയറക്ടറുമായ പ്രൊഫ. ഡോ. മൈക്കല്‍ സഡെലൈനിന് ആണ് അവാര്‍ഡ് ലഭിച്ചത്. വൈദ്യശാസ്ത്ര വിഭാഗത്തില്‍ ഇത്തവണ അവാര്‍ഡ് വിഷയം സെല്ലുലാര്‍ തെറാപ്പി ആയിരുന്നു. കൈമെറിക് ആന്റിജന്‍ റിസപ്റ്ററുകള്‍ ഉള്ള രോഗപ്രതിരോധ കോശങ്ങളുടെ ജനിതക എന്‍ജിനീയറിംഗില്‍ അടക്കം സെല്ലുലാര്‍ തെറാപ്പിയിലെ മുന്‍നിര സംഭാവനകള്‍ക്കാണ് ഡോ. മൈക്കല്‍ സഡെലൈനിന് അവാര്‍ഡ് ലഭിച്ചത്. രക്താര്‍ബുദ ചികിത്സക്കായി ഫലപ്രദവും നവീനവുമായ കൈമെറിക് ആന്റിജന്‍ റിസപ്റ്റര്‍ ഏജന്റുകള്‍ രൂപകല്‍പന ചെയ്ത് പരീക്ഷിച്ച സംഘത്തെ ഡോ. മൈക്കല്‍ സഡെലൈന്‍ നയിച്ചു. ചികിത്സാ പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് ഡോ. സഡെലൈന്‍ കൈമെറിക് ആന്റിജന്‍ റിസപ്റ്റര്‍ സെല്‍ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നത് തുടരുന്നു. ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളുടെയും സോളിഡ് ട്യൂമറുകളുടെയും ചികിത്സയിലും ഈ സമീപനം വാഗ്ദാനങ്ങള്‍ നല്‍കുന്നു.
സയന്‍സ് വിഭാഗത്തില്‍ ഭൗതികശാസ്ത്രത്തില്‍ കിംഗ് ഫൈസല്‍ അവാര്‍ഡ് ജപ്പാനിലെ മെയ്‌ജോ സര്‍വകലാശാലയിലെ പ്രൊഫസറായ സുമിയോ ഇജിമക്ക് ലഭിച്ചു. ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പി ഉപയോഗിച്ച് കാര്‍ബണ്‍ നാനോട്യൂബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ബണ്‍ നാനോട്യൂബ് ശാസ്ത്ര മേഖല സ്ഥാപിച്ചതിനാണ് പ്രൊഫ. സുമിയോ ഇജിമക്ക് അവാര്‍ഡ് ലഭിച്ചത്. ഏകമാന കാര്‍ബണ്‍ വസ്തുക്കളുടെ ഈ പുതിയ ക്ലാസ് അടിസ്ഥാന സോളിഡ്-സ്റ്റേറ്റ് ഭൗതികശാസ്ത്രത്തിലും മെറ്റീരിയല്‍ സയന്‍സിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക്സ്, എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍, ബയോമെഡിസിന്‍ അടക്കമുള്ള നാനോ ടെക്നോളജിയില്‍ വിപുലമായ പ്രായോഗിക പ്രയോഗങ്ങള്‍ വികസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ വഴികള്‍ തുറന്നിട്ടു.
ഇസ്ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ നാലു വിഭാഗങ്ങള്‍ക്കായുള്ള സെലക്ഷന്‍ കമ്മിറ്റികള്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കിംഗ് ഫൈസല്‍ അവാര്‍ഡ് ആസ്ഥാനത്ത് യോഗം ചേര്‍ന്നാണ് വിജയികളെ നിര്‍ണയിച്ചത്. 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വിദഗ്ധരും പണ്ഡിതരും സെലക്ഷന്‍ കമ്മിറ്റികളില്‍ ഉള്‍പ്പെടുന്നു.
കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് 1977 ല്‍ ആണ് സ്ഥാപിതമായത്. 1979 ല്‍ ആദ്യമായി ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങള്‍, അറബി ഭാഷയും സാഹിത്യവും എന്നീ മൂന്ന് വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കി. 1981 മുതലാണ് വൈദ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. വൈദ്യശാസ്ത്രത്തിലുള്ള ആദ്യത്തെ അവാര്‍ഡ് 1982 ല്‍ പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം സയന്‍സ് വിഭാഗത്തിലും അവാര്‍ഡ് നല്‍കാന്‍ തുടങ്ങി.
1979 മുതല്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ 300 ഓളം പേര്‍ക്ക് കിംഗ് ഫൈസല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചിട്ടുണ്ട്. അവാര്‍ഡ് ജേതാക്കള്‍ക്ക് 2,00,000 ഡോളര്‍, 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ മെഡല്‍, ജേതാവിന്റെ പേരും അവാര്‍ഡിന് അവരെ യോഗ്യരാക്കിയ പ്രവര്‍ത്തനത്തിന്റെ സംഗ്രഹവും ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.