ജിദ്ദ – പശ്ചാത്തല സൗകര്യങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി ഇരുപതു ലക്ഷത്തിലേറെ ജനങ്ങള്‍ ഒന്നടങ്കം കൊടും ദുരിതത്തില്‍ കഴിയുന്ന ഗാസയിലേക്കുള്ള വൈദ്യുതി ഇസ്രായില്‍ വിച്ഛേദിച്ചതിനെ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ച് സൗദി അറേബ്യ. വൈദ്യുതി വിച്ഛേദിച്ച് ഗാസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ നടത്തുന്ന കൂട്ട ശിക്ഷാ നടപടിയെ ശക്തമായി അപലപിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിബന്ധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഗാസയിലേക്കുള്ള വൈദ്യുതിയും സഹായ പ്രവാഹവും ഉടനടി പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ഇസ്രായില്‍ ലംഘിക്കുന്നതിനെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുന്നു. ഇക്കാര്യങ്ങളില്‍ ഇസ്രായിലിനോട് കണക്കു ചോദിക്കാന്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ സജീവമാക്കണമെന്ന് സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗാസയിലേക്കുള്ള വൈദ്യുതി ഇസ്രായില്‍ വിച്ഛേദിച്ചത് ഫലസ്തീനികളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കി. മധ്യഗാസയിലെ ദേര്‍ അല്‍ബലഹില്‍ താമസിക്കുന്ന പലസ്തീനി അലാ ബറക നോമ്പുകാലത്ത് തിങ്കളാഴ്ച ശുദ്ധീകരിച്ച ഉപ്പുജലം വഹിച്ച ട്രക്ക് തങ്ങളുടെ പ്രദേശത്ത് എത്തുന്നതും കാത്ത് തന്റെ എട്ടു വയസ്സുള്ള ഏക മകനോടൊപ്പം ഏകദേശം മൂന്ന് മണിക്കൂര്‍ ചെലവഴിച്ചു. ട്രക്ക് എത്തിയ ശേഷം നാലു ലിറ്റര്‍ കുടിവെള്ളം ലഭിക്കാന്‍ ഒരു മണിക്കൂറിലേറെ നേരം അലാ ബറകക്ക് ക്യൂവില്‍ കാത്തിരിക്കേണ്ടി വന്നു. ഗാസയുടെ മധ്യത്തിലുള്ള നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ താമസിക്കുന്ന നസ്‌റീന്‍ അബൂഅംറക്കും മൂന്നു കുട്ടികള്‍ക്കും വളരെ കഷ്ടപ്പെട്ടിട്ടാണ് ആകെ നാലു ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ലഭിച്ചത്.
ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്താനായി ഗാസയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുമെന്ന് ഇസ്രായിലി ഊര്‍ജ മന്ത്രി എലി കോഹന്‍ ഞായറാഴ്ച വൈകുന്നേരം പ്രഖ്യാപിക്കുകയായിരുന്നു. മുഴുവന്‍ ബന്ദികളെയും തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. യുദ്ധാനന്തരം ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും – വൈദ്യുതി വിച്ഛേദിക്കാനുള്ള തീരുമാനം അറിയിച്ച് എലി കോഹന്‍ പറഞ്ഞു.
യുദ്ധം ആരംഭിച്ചതോടെ ഗാസയിലെ ഏക വൈദ്യുതി നിലയത്തിലേക്ക് ഇന്ധനം പ്രവേശിക്കുന്നത് ഇസ്രായില്‍ തടഞ്ഞതിനാല്‍ 2023 ഒക്‌ടോബര്‍ എട്ടു മുതല്‍ ഗാസ നിവാസികള്‍ വൈദ്യുതിയില്ലാതെയാണ് കഴിയുന്നത്. ഉപ്പുവെള്ള ശുദ്ധീകരണ നിലയത്തിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിയ ഇസ്രായിലിന്റ നടപടി ഗാസക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ധനസഹായം നല്‍കുന്ന ഗാസയിലെ സെന്‍ട്രല്‍ ഡീസലൈനേഷന്‍ പ്ലാന്റിലേക്കുള്ള വൈദ്യുതി വിതരണം രണ്ടു മാസം മുമ്പാണ് ഇസ്രായില്‍ പുനഃസ്ഥാപിച്ചത്. ഉപ്പുജല ശുദ്ധീകരണ ശാലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാനാണ് ഇസ്രായിലി തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഗാസയിലെ സര്‍ക്കാര്‍ മാധ്യമ ഓഫീസ് പറഞ്ഞു. കിണറുകളും ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കുന്ന ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മൂലം ഗാര്‍ഹിക ഉപയോഗത്തിനുള്ള ജലത്തിനും കുടിവെള്ളത്തിനും കടുത്ത ക്ഷാമവും ശ്വാസംമുട്ടിക്കുന്ന പ്രതിസന്ധിയുമുണ്ടെന്ന് സര്‍ക്കാര്‍ മാധ്യമ ഓഫീസ് പറഞ്ഞു.
ഉപ്പുജല ശുദ്ധീകരണശാലയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് തെക്കന്‍, മധ്യ ഗാസയിലെ ശുദ്ധജല സ്രോതസ്സുകളുടെ 70 ശതമാനമെങ്കിലും നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ദേര്‍ അല്‍ബലഹിലെ മേയര്‍ നിസാര്‍ അയ്യാശ് പറഞ്ഞു. കുടിക്കാന്‍ യോഗ്യമായ ഏകദേശം 16,000 കപ്പ് ഉപ്പ് നീക്കം ചെയ്ത വെള്ളം പ്രതിദിനം ഈ പ്ലാന്റില്‍ ഉല്‍പാദിപ്പിച്ചിരുന്നു. അഞ്ചു മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി ലൈന്‍ വഴിയാണ് പ്ലാന്റിലേക്ക് ഇസ്രായില്‍ വൈദ്യുതി നല്‍കിയിരുന്നത്.
വലിയ അളവില്‍ ഡീസല്‍ ലഭ്യമല്ലാത്തതിനാല്‍ മുനിസിപ്പാലിറ്റിയുടെ പക്കലുള്ള ചെറിയ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ദേര്‍ അല്‍ബലഹ് മുനിസിപ്പാലിറ്റി ആസ്ഥാനം ഉള്‍പ്പെടെ മേഖലയിലെ നഗരസഭാ ആസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയതിനാല്‍ ചില ജനറേറ്ററുകള്‍ കേടാവുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ ജലസ്രോതസ്സുകളുടെ അഭാവവും പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതും ലഭ്യമായ വെള്ളത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഗണ്യമായ കുറവുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇത് പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും നിസാര്‍ അയ്യാശ് പറഞ്ഞു.
ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് ഇസ്രായില്‍ പറയുന്നുണ്ടെങ്കിലും ഇത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരായ ഫലസ്തീന്‍ പൗരന്മാരെയണെന്ന് യാഥാര്‍ഥ്യം വ്യക്തമാക്കുന്നു. ഡീസലൈനേഷന്‍ പ്ലാന്റ് പൗരന്മാര്‍ക്ക് എളുപ്പത്തില്‍ വെള്ളം ലഭിക്കാന്‍ സഹായിച്ചിരുന്നതായി ദേര്‍ അല്‍ബലഹില്‍ താമസിക്കുന്ന 29 കാരനായ അല ബറക പറയുന്നു. രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചതു മുതല്‍ മധ്യ, തെക്കന്‍ ഗാസ മുനമ്പിലെ നിവാസികള്‍ കുടിവെള്ളത്തിനായി ഈ പ്ലാന്റിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ മുമ്പ് അനുഭവിച്ച കഠിനമായ ദുരിതത്തിലേക്ക് ജനങ്ങള്‍ തിരിച്ചെത്തുമെന്ന് അലാ ബറക പറഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഉപ്പുജല ശുദ്ധീകരണ ശാലകളെയും സ്വകാര്യ മേഖലാ പ്ലാന്റുകളെയുമാണ് ഗാസ നിവാസികള്‍ മുമ്പ് ആശ്രയിച്ചിരുന്നത്. എന്നാല്‍ വൈദ്യുതി മുടക്കവും ബോംബാക്രമണവും കാരണം ഇവയില്‍ ചിലത് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
ഇസ്രായില്‍ യുദ്ധത്തിന്റെ ഫലമായി ഗാസയില്‍ വൈദ്യുതി മേഖല ഇതിനകം തന്നെ പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മധ്യഗാസയിലുള്ള സെന്‍ട്രല്‍ ഡീസലൈനേഷന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായി സ്ഥാപിച്ചവ ഒഴികെ മറ്റു ഇസ്രായിലി വൈദ്യുതി ലൈനുകള്‍ യഥാര്‍ഥത്തില്‍ ഇല്ലെന്നും ഗാസ ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. വൈദ്യുതി വിതരണ ശൃംഖലയുടെ 70 ശതമാനത്തിലധികം യുദ്ധത്തില്‍ നശിച്ചു. വൈദ്യുതി മേഖലക്ക് 45 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. ബോംബാക്രമണത്തെ തുടര്‍ന്ന് ഗാസ ഇലക്ട്രിസിറ്റി കമ്പനിയുടെ 90 ശതമാനം വെയര്‍ഹൗസുകളും തകര്‍ന്നു. 80 ശതമാനം യന്ത്രസാമഗ്രികളും പ്രവര്‍ത്തനരഹിതമായും കമ്പനി പറഞ്ഞു.
വൈദ്യുതി വിച്ഛേദിച്ച ഇസ്രായിലിന്റെ നടപടി ഫലസ്തീനികള്‍ക്കെതിരെ കൂട്ട ശിക്ഷാ നയം പ്രയോഗിക്കാനുള്ള നിര്‍ബന്ധമാണെന്നും ഇത് പൂര്‍ണാര്‍ഥത്തിലുള്ള യുദ്ധക്കുറ്റമാണെന്നും ഹമാസ് പറഞ്ഞു. വിലകുറഞ്ഞതും അസ്വീകാര്യവുമായ ബ്ലാക്ക്‌മെയില്‍ നയത്തിലൂടെ സമ്മര്‍ദം ചെലുത്താനുള്ള തീവ്രശ്രമമാണിതെന്നും ഹമാസ് പറഞ്ഞു. ഇസ്രായിലിന്റെ ചെയ്തിതികള്‍ ഇതിനകം ഒപ്പുവച്ച കരാറുകളുടെയും എല്ലാ മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇസ്രായില്‍ അതിന്റെ ബാധ്യതകളെ മാനിക്കുന്നില്ല എന്നതിന്റെ പുതിയ സ്ഥിരീകരണമാണിത്. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ഇസ്രായിലി ബന്ദികളുടെ ജീവന്‍ പണയപ്പെടുത്തിയും അവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയും തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന പുതിയ റോഡ് മാപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണെന്ന് ഹമാസ് ആരോപിച്ചു.
ഫലസ്തീന്‍ വിദേശ, പ്രവാസികാര്യ മന്ത്രാലയവും ഇസ്രായിലി തീരുമാനത്തെ അപലപിച്ചു. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത് വംശഹത്യാ ഭീഷണി ഉയര്‍ത്തുന്നതായി അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുടെ സ്ഥിതിയെ കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് പറഞ്ഞു. ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായില്‍ വിച്ഛേദിച്ചത്, പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണ പ്ലാന്റുകള്‍ ഇല്ലെന്നും അതിനാല്‍ ശുദ്ധജലം ഇല്ലെന്നും അര്‍ഥമാക്കുന്നു, ഇത് വംശഹത്യയുടെ മുന്നറിയിപ്പാണ് -എക്‌സ് പ്ലാറ്റ്ഫോമിലെ തന്റെ അക്കൗണ്ടിലൂടെ ഫ്രാന്‍സെസ്‌ക അല്‍ബനീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതോടെ ഗാസയിലേക്ക് എല്ലാ മാനുഷിക സഹായങ്ങളും പ്രവേശിക്കുന്നത് നിര്‍ത്താനും ഗാസയുമായുള്ള അതിര്‍ത്തി ക്രോസിംഗുകള്‍ അടക്കാനും ഇസ്രായില്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗാസയിലെ ഏക ഉപ്പുജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള വൈദ്യുതി വിതരണവും നിര്‍ത്തിവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group