- സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാന്‍ കരാറുകള്‍ ഒപ്പുവെച്ചു
റിയാദ് – കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയിലെ ഫ്രഞ്ച് നിക്ഷേപങ്ങള്‍ 1,700 കോടി യൂറോയിലേറെയായി ഉയര്‍ന്നതായി റിയാദില്‍ നടന്ന സൗദി, ഫ്രഞ്ച് നിക്ഷേപ ഫോറത്തില്‍ സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് സൗദിയില്‍ 300 കോടി യൂറോയുടെ നിക്ഷേപങ്ങള്‍ നടത്തി. സൗദിയില്‍ ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടത്തിയ രണ്ടാമത്തെ രാജ്യമായി ഫ്രാന്‍സ് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ആയിരം കോടി യൂറോയിലേറെയായി ഉയര്‍ന്നു.
സുസ്ഥിര ഗതാഗതം അടക്കം വ്യത്യസ്ത സാമ്പത്തിക മേഖലകളിലേക്ക് സൗദി, ഫ്രാന്‍സ് സഹകരണം വ്യാപിച്ചിരിക്കുന്നു. ഫ്രഞ്ച്, സൗദി സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന റിയാദ് മെട്രോയുടെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ക്കു മുമ്പ് തുടക്കമായി. ഫ്രഞ്ച് കമ്പനികളായ ആര്‍.എ.ടി.പി ഡെവലപ്‌മെന്റ്, അല്‍സ്‌റ്റോം, സൗദി അറേബ്യയിലെ സാപ്റ്റ്‌കോ എന്നിവ സഹകരിച്ചാണ് റിയാദ് മെട്രോ നടപ്പാക്കുന്നതെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
ലോകം സാക്ഷ്യം വഹിക്കുന്ന പരിവര്‍ത്തന ഘട്ടത്തില്‍ സൗദി, ഫ്രഞ്ച് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഫ്രഞ്ച് വ്യവസായ മന്ത്രി മാര്‍ക്ക് ഫെറാച്ചി പറഞ്ഞു. പൊതുമുന്‍ഗണനകള്‍ക്ക് അനുസൃതമായി നവീകരണം, പുനരുപയോഗ ഊര്‍ജം, ആധുനിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നതായും മാര്‍ക്ക് ഫെറാച്ചി പറഞ്ഞു. സമീപ കാലത്തെ ‘മഹത്തായ നഗര വികസന കഥ’കളില്‍ ഒന്നാണ് റിയാദ് നഗരം എന്നും സൗദിയില്‍ പൊതുവിലും റിയാദില്‍ വിശിഷ്യായും ഫ്രഞ്ച് നിക്ഷേപകര്‍ക്ക് എമ്പാടും അവസരങ്ങളുണ്ടെന്നും റിയാദ് മേയര്‍ ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൗദി, ഫ്രഞ്ച് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.
മേഖലയിലെ പ്രധാന കേന്ദ്രമായ സൗദി അറേബ്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്നോട്ടുവരണമെന്ന് ഫ്രഞ്ച് നിക്ഷേപകരോട് ഇമ്മാനുവല്‍ മാക്‌റോണ്‍ ആവശ്യപ്പെട്ടു. അല്‍ഉല, നിയോം, ഖിദിയ പോലുള്ള സൗദിയിലെ വന്‍കിട പദ്ധതികളില്‍ പ്രധാന നിക്ഷേപ പങ്കാളിയായി മാറാനാണ് ഫ്രാന്‍സ് ആഗ്രഹിക്കുന്നത്. നിര്‍മിത ബുദ്ധി മേഖലയില്‍ സൗദിയുമായുള്ള നിക്ഷേപ പങ്കാളിത്തം ഫ്രാന്‍സ് വര്‍ധിപ്പിക്കും.
ഫ്രാന്‍സും സൗദി അറേബ്യയും ബഹുധ്രുവ ലോകത്തിലുള്ള തങ്ങളുടെ വിശ്വാസം പങ്കിടുന്നു. സൗദി വിഷന്‍ 2030 ഊര്‍ജ മേഖലയില്‍ ഫ്രാന്‍സിന്റെ അഭിലാഷവുമായി ഒത്തുപോകുന്നു. അതനുസരിച്ച് അറേബ്യയുമായി ഫ്രാന്‍സ് പങ്കാളിത്തം ശക്തിപ്പെടുത്തും. ഡിജിറ്റല്‍ പരിവര്‍ത്തന, ഇന്നൊവേഷന്‍ മേഖലകളില്‍ സൗദി, ഫ്രഞ്ച് സഹകരണം പ്രധാനമാണ്. സൗദി അറേബ്യയും ഫ്രാന്‍സും നിരവധി സാമ്പത്തിക കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഇമ്മാനുവല്‍ മാക്‌റോണിന്റെ സാന്നിധ്യത്തില്‍ ഫോറത്തില്‍ വെച്ച് സൗരോര്‍ജ പദ്ധതി വികസന കരാറുകള്‍ ഒപ്പുവെച്ചു. 0.3 ഗിഗാവാട്ട് ശേഷിയില്‍ റാബിഗ്-2 സൗരോര്‍ജ നിലയം സ്ഥാപിക്കാന്‍ ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസും സൗദിയിലെ അല്‍ജുമൈഹ് എനര്‍ജി ആന്റ് വാട്ടര്‍ കമ്പനിയും ഒപ്പുവെച്ച കരാര്‍ ആണ് ഇതില്‍ പ്രധാനം. 1.4 ഗിഗാവാട്ട് ശേഷിയില്‍ രണ്ടു സൗരോര്‍ജ നിലയങ്ങള്‍ വികസിപ്പിക്കാനും ഇവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാനും ഫ്രഞ്ച് ഇലക്ട്രിസിറ്റി കമ്പനി (ഇ.ഡി.എഫ്) യും ചൈനീസ് ഗവണ്‍മെന്റിനു കീഴിലെ സ്റ്റേറ്റ് പവര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും സൗദിയിലെ സൗദി പവര്‍ പ്രോക്യുര്‍മെന്റ് കമ്പനിയും മറ്റൊരു കരാറും ഒപ്പുവെച്ചു. 2030 ഓടെ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 130 ഗിഗാവാട്ട് ആയി ഉയര്‍ത്താന്‍ സൗദി അറേബ്യ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഫ്രഞ്ച് കമ്പനികളുമായി സഹകരിച്ച് പുതിയ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നത്. നിലവില്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം അഞ്ചു ഗിഗാവാട്ടിലും കുറവാണ്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും, ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സൗദി ഇന്‍വെസ്റ്റ് റീസൈക്ലിംഗ് കമ്പനിയും ഫ്രഞ്ച് കമ്പനിയായ വിയോലിയയും മാലിന്യ സംസ്‌കരണവും പുനഃചംക്രമണവും മെച്ചപ്പെടുത്താനുള്ള മറ്റൊരു കരാറും ഫോറത്തിനിടെ ഒപ്പുവെച്ചു. വന്‍കിട ഫ്രഞ്ച് കമ്പനി പ്രസിഡന്റുമാരും സി.ഇ.ഒമാരും പിന്നീട് ഫ്രഞ്ച് പ്രസിഡന്റിനൊപ്പം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സന്ദര്‍ശിച്ചു. മരുഭൂകരണം ചെറുക്കാനുള്ള ശ്രമങ്ങള്‍, അനുഭവങ്ങളുടെയും നൂതന സാങ്കേതികവിദ്യകളുടെയും കൈമാറ്റം, ജല വെല്ലുവിളികള്‍ നേരിടാന്‍ ഗവേഷണവും വികസനവും മെച്ചപ്പെടുത്തല്‍, ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു.