ജിദ്ദ – സൗദിയില്‍ ജനങ്ങളുടെ ശരാശരി ആയുസ് 77.6 വയസായി ഉയര്‍ന്നതായി ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ പ്രോഗ്രാം അറിയിച്ചു. നടക്കല്‍ സംസ്‌കാരം പ്രചരിപ്പിക്കല്‍, ഭക്ഷണങ്ങളില്‍ ഉപ്പ് കുറക്കല്‍, ഭക്ഷണപാനീയങ്ങളില്‍ അടങ്ങിയ കലോറി വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കല്‍, ഹൈഡ്രജന്‍ ചേര്‍ത്ത എണ്ണകള്‍ വിലക്കല്‍ പോലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളും നയങ്ങളും നടപ്പാക്കല്‍, എല്ലാ നയങ്ങളിലും ജീവിതത്തിന്റെ മുഴുവന്‍ തലങ്ങളിലും ആരോഗ്യ പ്രോത്സാഹന തത്വം സ്വീകരിക്കല്‍, ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ആരോഗ്യ അപകടങ്ങള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തല്‍ എന്നിവയിലൂടെയാണ് സൗദിയില്‍ ജനങ്ങളുടെ ശരാശരി ആയുസ് ഉയര്‍ത്താന്‍ സാധിച്ചത്.
ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത് നല്‍കുന്ന ആരോഗ്യ സേവനങ്ങളില്‍ രോഗികളുടെ സംതൃപ്തി അനുപാതം 87.45 ശതമാനമായി ഉയര്‍ന്നു. 2019 ല്‍ ഇത് 82.41 ശതമാനമായിരുന്നു. ജനസംഖ്യയില്‍ ഒരു ലക്ഷം പേര്‍ക്കുള്ള നഴ്‌സുമാരുടെ എണ്ണം 2019 ല്‍ 581.6 ആയിരുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഇത് 733 ആയി ഉയര്‍ന്നു. അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭ്യമായ ജനവാസ കേന്ദ്രങ്ങളുടെ അനുപാതം 96.41 ശതമാനമായി ഉയര്‍ന്നതായും ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ പ്രോഗ്രാം അറിയിച്ചു.
റോഡപകടങ്ങളില്‍ മരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് 13.6 എന്ന തോതില്‍ കുറഞ്ഞിട്ടുണ്ട്. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ അനുപാതം ഒരു ലക്ഷം പേര്‍ക്ക് 70.87 എന്ന തോതിലും കുറഞ്ഞിട്ടുണ്ട്. സൗദിയിലെ 77 ശതമാനം റോഡുകളിലും ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമാണെന്നും ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ പ്രോഗ്രാം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group