റിയാദ്- അവശനിലയില്‍ ആരോ റിയാദ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബംഗാള്‍ സ്വദേശിക്ക് സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടല്‍ രക്ഷയായി. സംസാരിക്കാന്‍ പോലും ശേഷിയില്ലാതെ ദുരിതത്തിലായ പശ്ചിമ ബംഗാള്‍ സ്വദേശി തസീബുറിനാണ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും ഇടപെടലില്‍ ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം നാട്ടിലെത്താനായത്.
ഒരാഴ്ച മുമ്പാണ് ആരോ ഇദ്ദേഹത്തെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പോയത്. അവശനായ ഒരു ഇന്ത്യക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വിമാനത്താവളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പ്രിന്‍സ് മുഹമ്മദ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സുഫ്‌യാനുമായി സിദ്ദീഖ് തുവ്വൂര്‍ വിവരം പങ്കിടുകയും അദ്ദേഹം രോഗിയെ നേരിട്ട് കണ്ട് വിവരങ്ങളന്വേഷിക്കുകയും ചെയ്തു. അവശനിലയിലായുന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ ശേഷിയില്ലായിരുന്നു. കയ്യിലുള്ള ബാഗില്‍ നിന്ന് കുറെ നമ്പറുകള്‍ ലഭിച്ചു. വീട്ടുകാരെ വിളിച്ചപ്പോള്‍ അദ്ദേഹം മുംബൈയിലുണ്ടെന്ന വിവരമാണ് ലഭിച്ചത്. വാലറ്റില്‍ മുംബൈയിലെ ഒരു ഡോക്ടറുടെ നമ്പറുമുണ്ടായിരുന്നു. അതിലേക്ക് ഇദ്ദേഹത്തിന്റെ ഫോട്ടോ അയച്ചപ്പോള്‍ മുംബൈ തെരുവില്‍ കുറെ കാലമായി കാണാറുണ്ടെന്ന വിവരമാണ് ലഭിച്ചത്.
അസുഖം ഭേദമായ ശേഷം ഇദ്ദേഹവുമായി സംസാരിച്ചപ്പോള്‍ നാട്ടിലെത്തി മക്കളെ കാണാന്‍ സഹായിക്കണമെന്നാണ് പറഞ്ഞത്. ദയനീയമായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. പോളിയോ ബാധിച്ച് ഒരു കയ്യും കാലും തളര്‍ന്നിട്ടുണ്ടെങ്കിലും നടക്കാന്‍ കഴിയുന്ന അവസ്ഥയിലാണിപ്പോള്‍. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് സുഹൃത്ത് ഷറഫ് താമസം ഏര്‍പ്പാട് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിച്ചു. എംബസി വഴി എക്‌സിറ്റും യാത്രാരേഖകളും ലഭിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു.