ജിദ്ദ: ആഗോളതലത്തിൽ സംഘർഷങ്ങളും യുദ്ധഭീതിയും നിലനിൽക്കുമ്പോഴും മാനവികതയ്ക്കും ജീവകാരുണ്യ സേവനങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുകയാണ് സൗദി അറേബ്യ. സൊമാലിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ റംലയെയും റഹ്‌മയെയും 12 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി ഇരുഹറമുകളുടെ രാജ്യം ലോകത്തിന് വീണ്ടും മാതൃകയായി.
റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഈ വൈദ്യശാസ്ത്ര വിസ്മയം നടന്നത്. എട്ട് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയയിൽ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, യൂറോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ 36 വിദഗ്ധ ഡോക്ടർമാരും സാങ്കേതിക പ്രവർത്തകരും പങ്കാളികളായി.
സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ മെഡിക്കൽ ടീം മേധാവി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഹാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. സൗദി അറേബ്യയുടെ പ്രത്യേക പ്രോഗ്രാമിന് കീഴിൽ വിജയകരമായി പൂർത്തിയാക്കുന്ന 68-ാമത്തെ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ 35 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകുന്ന ഈ പദ്ധതിയിലൂടെ ഇതുവരെ 28 രാജ്യങ്ങളിൽ നിന്നുള്ള 156 ഇരട്ടകൾക്ക് പരിചരണം നൽകാൻ സൗദിക്ക് സാധിച്ചിട്ടുണ്ട്. വംശമോ വർണ്ണമോ ദേശമോ നോക്കാതെ മനുഷ്യരാശിയെ സഹായിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായാണ് ഈ മെഡിക്കൽ നേട്ടം വിലയിരുത്തപ്പെടുന്നത്.
കുഞ്ഞുങ്ങൾക്ക് ലഭിച്ച ലോകോത്തര നിലവാരത്തിലുള്ള ചികിത്സയ്ക്കും കരുതലിനും സൽമാൻ രാജാവിനും കിരീടാവകാശിക്കും സൗദി ജനതയ്ക്കും ഇരട്ടകളുടെ മാതാപിതാക്കൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായി പ്രാർത്ഥിച്ച അവർ, തങ്ങളുടെ മക്കൾക്ക് ലഭിച്ച ഈ ‘ഉടൽ സ്വാതന്ത്ര്യം’ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ സൗദിയുടെ വൈദ്യശാസ്ത്ര മികവിനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയ ഈ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ ടീമിനെയും ഡോ. അൽറബീഹ് അഭിനന്ദിച്ചു.



