ദമാം – സൗദിയിലെ പ്രമുഖ വ്യവസായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അലി അല്‍സാമില്‍ അന്തരിച്ചു. ദാനധര്‍മങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട ശൈഖ് മുഹമ്മദ് അല്‍സാമില്‍ ജീവകാരുണ്യ സംഘടനകളെയും നിര്‍ധനരെയും പിന്തുണക്കുന്നതിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ ബഹ്റൈനിലേക്ക് താമസം മാറിയ അദ്ദേഹം പിന്നീട് അല്‍കോബാറിലും ദമാമിലും സ്ഥിരതാമസമാക്കി കുടുംബത്തോടൊപ്പം ബിസിനസ്സില്‍ ചേര്‍ന്നു.
എന്‍ഡോവ്മെന്റുകള്‍ (വഖഫുകള്‍) സ്ഥാപിക്കാനും പിന്തുണക്കാനുമുള്ള സംരംഭങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക സൃഷ്ടിച്ചു. നന്മയുടെ പൈതൃകം നിലനിര്‍ത്താനുമുള്ള ശാശ്വത മാര്‍ഗമായിട്ടാണ് എന്‍ഡോവ്മെന്റുകളെ അദ്ദേഹം കണ്ടത്.
ഫാമിലി എന്‍ഡോവ്മെന്റുകള്‍ക്കായി സമ്പത്തിന്റെ വലിയൊരു ഭാഗം ശൈഖ് മുഹമ്മദ് അല്‍സാമിൽ നീക്കിവെച്ചിരുന്നു. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, അനാഥര്‍, ദരിദ്രര്‍ എന്നിവരെ ഉള്‍പ്പെടുത്തി നന്മയുടെ വലയം വികസിപ്പിക്കാനും രാജ്യത്തിനകത്തും പുറത്തും വിവിധ മാനുഷിക, സേവന പദ്ധതികള്‍ നടപ്പാക്കാനും ഇത് സഹായിച്ചു.
ഒരു വ്യക്തിയുടെ മരണശേഷവും തുടരുന്ന, തുടര്‍ച്ചയായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് എന്‍ഡോവ്മെന്റുകൾ. കുടുംബാംഗങ്ങളുടെ കൂട്ടായ കാഴ്ചപ്പാടോടെ അവ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ സ്വാധീനം വര്‍ധിക്കുമെന്നും അവര്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുമെന്നും ഇത്തരത്തിലുള്ള ദാനം സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നും ശൈഖ് മുഹമ്മദ് അല്‍സാമില്‍ എപ്പോഴും വ്യക്തമാക്കിയിരുന്നു. മയ്യിത്ത് നമസ്‌കാരം അല്‍കോബാറിലെ കിംഗ് ഫഹദ് മസ്ജിദില്‍ നിര്‍വഹിച്ച് തുഖ്ബ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.