അബഹ – അബഹ നഗരത്തെയും മഹായില്‍ അസീറിനെയും ബന്ധിപ്പിക്കുന്ന ശആര്‍ ചുരം റോഡ് ടൂറിസ്റ്റുകള്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്ക് അത്ഭുതമാവുകയാണ്. അസീര്‍ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചുരം റോഡാണിത്. അബഹക്കും മഹായില്‍ അസീറിനുമിടയിലെ പരുക്കല്‍ സ്വഭാവമുള്ള ഉയര്‍ന്ന പര്‍വതം പ്രദേശവാസികളുടെയും സന്ദര്‍ശകരുടെയും യാത്ര ഏറെ ദുഷ്‌കരമാക്കിയിരുന്നു.
ഇതിന് പരിഹാരം എന്നോണമാണ് അസീര്‍ നിവാസികള്‍ക്കും സമീപ പ്രദേശങ്ങളിലെ മറ്റു സന്ദര്‍ശകര്‍ക്കും ഉപകാരപ്പെടുന്ന നിലയില്‍ പുതിയ ചുരം റോഡ് ആസൂത്രണം ചെയ്ത് യാഥാര്‍ഥ്യമാക്കിയത്.
അബഹ നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് ശആര്‍ ചുരം റോഡ് സ്ഥിതി ചെയ്യുന്നത്. യാത്രക്കാരുടെ യാത്രാ സമയം കുറക്കാനും അസീര്‍ പ്രവിശ്യയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും, ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍, വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന ട്രക്കുകളുടെ സഞ്ചാരത്തിന് വഴിയൊരുക്കി ആഗോള ലോജിസ്റ്റിക്കല്‍ കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനും ശആര്‍ ചുരം റോഡ് സംഭാവന ചെയ്യുന്നു.
ഫഹദ് രാജാവിന്റെ കാലത്ത് 40 ലേറെ വര്‍ഷം മുമ്പാണ് ശആര്‍ ചുരം റോഡ് നിര്‍മിച്ചത്. പാറകള്‍ പിളര്‍ത്തിയും 11 തുരങ്കങ്ങളും 32 പാലങ്ങളും നിര്‍മിച്ചുമാണ് ആകെ 14 കിലോമീറ്റര്‍ നീളമുള്ള റോഡ് യാഥാര്‍ഥ്യമാക്കിയത്. അടുത്തിടെ റോഡ്‌സ് ജനറല്‍ അതോറിറ്റി ശആര്‍ ചുരം റോഡ് മാസങ്ങളോളം അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചും അറ്റകുറ്റപ്പണികളും വലിയ തോതിലുള്ള വികസനവും മോടിപിടിപ്പിക്കല്‍ ജോലികളും പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷമാണ് റോഡ് വാഹന ഗതാഗതത്തിന് വീണ്ടും തുറന്നുകൊടുത്തത്.
ലൈറ്റിംഗ്, ഫ്‌ളോര്‍ പെയിന്റിംഗ്, ഇന്‍ഫര്‍മേഷന്‍ സൈനുകള്‍, ഗ്രൗണ്ട് മാര്‍ക്കിംഗുകള്‍, വാണിംഗ് വൈബ്രേഷനുകള്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍, സുരക്ഷാ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന മറ്റു ജോലികള്‍ എന്നിവ അടക്കം നിരവധി പ്രവൃത്തികള്‍ നടപ്പാക്കിയതിലൂടെ ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ റോഡ് നല്‍കുന്നു. ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനും വര്‍ധിച്ചുവരുന്ന ആവശ്യവുമായി പൊരുത്തപ്പെട്ടുപോകാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി റോഡ്‌സ് ജനറല്‍ അതോറിറ്റി പറഞ്ഞു.