റിയാദ്: കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെ അവലംബിച്ച് പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് (ഓട്ടോണമസ് വെഹിക്കിൾ) ടാക്സി സേവനത്തിന് സൗദി അറേബ്യയിൽ ആദ്യമായി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കം. റിയാദിലെ ഏഴ് പ്രധാന മേഖലകളിൽ പുതിയ സേവനം ആരംഭിച്ചു. വീറൈഡ്, എ.ഐ.ഡ്രൈവർ, യൂബർ എന്നീ കമ്പനികൾ സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്രാരംഭ ഘട്ടം, ഭാവിയിൽ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനും രാജ്യത്തുടനീളം നടപ്പാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയിലെ ഗതാഗത ശാക്തീകരണകാര്യ അണ്ടർ സെക്രട്ടറി ഡോ. ഉമൈമ ബാംസഖ് വ്യക്തമാക്കി.
സേവനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2, ടെർമിനൽ 5, റോഷൻ ബിസിനസ് പാർക്ക്, പ്രിൻസസ് നൂറ സർവകലാശാല, നോർത്തേൺ റെയിൽവേ സ്റ്റേഷൻ, ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആസ്ഥാനം, ഈ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകൾ എന്നിവ ഉൾപ്പെടെ ഏഴ് പ്രധാന മേഖലകളിൽ നടപ്പാക്കും. 13 പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകളും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.
ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ, ആദ്യ 12 മാസത്തെ പരീക്ഷണ ഘട്ടത്തിൽ ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും. റിയാദിലെ നിവാസികൾക്കും സന്ദർശകർക്കും സേവനം ലഭ്യമാക്കാൻ ശ്രദ്ധാപൂർവം ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുത്തതായി ഡോ. ഉമൈമ ബാംസഖ് പറഞ്ഞു.


ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ ഈ സേവനം ഉദ്ഘാടനം ചെയ്തു. സൗദി വിഷൻ 2030-ന്റെയും ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന്റെയും ഭാഗമായി, സ്മാർട്ട്, സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പദ്ധതി.
ആഭ്യന്തര മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA), ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ സർക്കാർ വകുപ്പുകളും എ.ഐ.ഡ്രൈവർ, വീറൈഡ്, യൂബർ തുടങ്ങിയ സ്വകാര്യ കമ്പനികളും ചേർന്നുള്ള സംയോജിത പങ്കാളിത്തത്തിന്റെ ഫലമാണ് ഈ പദ്ധതി.
സുരക്ഷ ഉറപ്പാക്കാനും യഥാർത്ഥ സാഹചര്യങ്ങളിൽ സ്മാർട്ട് സിസ്റ്റങ്ങളുടെ പ്രകടനം നിരീക്ഷിക്കാനും ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും. സാമ്പത്തിക വളർച്ചയെ പിന്തുണക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സ്മാർട്ട്, സംയോജിത ഗതാഗത സംവിധാനം സൃഷ്ടിക്കുക എന്ന സൗദി വിഷൻ 2030-ന്റെ ലക്ഷ്യവുമായി ഈ പദ്ധതി യോജിക്കുന്നു.
നവീകരണം, സുസ്ഥിരത, പ്രവർത്തന കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നതിനും, ആധുനിക സാങ്കേതികവിദ്യകൾ പ്രാപ്തമാക്കുന്നതിനും, നിയന്ത്രണ-പ്രവർത്തന ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനും ഈ പദ്ധതി ഒരു മാതൃകയാണെന്ന് എൻജിനീയർ സ്വാലിഹ് അൽജാസിർ വ്യക്തമാക്കി