റിയാദ്: ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി എയർ റൈഡുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന്, റിയാദ് പ്രവിശ്യയിലെ രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഉത്തരവിട്ടു. വിനോദ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്ന് റിയാദ് പ്രവിശ്യ പോലീസ് മേധാവിക്ക് അയച്ച സന്ദേശത്തിൽ ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി.
അമ്യൂസ്‌മെന്റ് പാർക്കുകളിലെയും മറ്റ് വിനോദ പരിപാടികളിലെയും റൈഡുകൾ സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കാനും കുടുംബങ്ങൾക്കും സന്ദർശകർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനും റിയാദ് ഗവർണറേറ്റിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നിർദേശം.
കഴിഞ്ഞയാഴ്ച തായിഫിലെ ജബൽ അൽ അഖ്ദർ അമ്യൂസ്‌മെന്റ് പാർക്കിൽ യന്ത്രഊഞ്ഞാൽ പൊട്ടിവീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരു സൗദി ബാലിക റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടു.