ജിദ്ദ – ഇന്തോനേഷ്യയിലെ ബാലിയിലെ സെമിന്യാക് പ്രദേശത്തെ ബട്ടു ബെലിഗ് ബീച്ചില്‍ നീന്തുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച തിരമാലകളില്‍ പെട്ട് കാണാതായ 29 കാരനായ സൗദി യുവാവിനു വേണ്ടി ഇന്തോനേഷ്യന്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
ശക്തമായ കടല്‍ പ്രവാഹത്തില്‍ നീന്തുന്നതിനിടെ വിനോദസഞ്ചാരി ആഴക്കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ആ പ്രദേശത്ത് നീന്തുന്നതിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും യുവാവ് ഇത് അവഗണിച്ച് കടലില്‍ നീന്താന്‍ ഇറങ്ങുകയായിരുന്നെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു.
ഇരു ദിശകളിലുമായി തീരത്ത് ഒരു കിലോമീറ്റര്‍ വരെ ദൂരത്ത് രക്ഷാ സംഘങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ യുവാവിനെ കണ്ടെത്തിയിട്ടില്ലെന്ന് തിരച്ചില്‍, രക്ഷാപ്രവര്‍ത്തക ഓഫീസ് മേധാവി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. കാണാതായ ടൂറിസ്റ്റിനെ കുറിച്ച് സൂചനകളൊന്നുമില്ലെന്നും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സമീപ തീരപ്രദേശങ്ങളും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ജക്കാര്‍ത്ത ഗ്ലോബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.