ജിദ്ദ– ലോക രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിമാനം പ്രത്യേകം അണിയിച്ചൊരുക്കി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കാനായി സൗദി ടൂറിസം അതോറിറ്റിയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് വിസിറ്റ് സൗദി ലോഗോയും സൗദി വെല്‍ക്കം ടു അറേബ്യ എന്ന വാചകവും കൊണ്ട് അലങ്കരിച്ച വിമാനം സൗദിയ പുറത്തിറക്കിയത്. ടൂറിസം പ്രമോഷണല്‍ കാമ്പെയ്നിന്റെ ഭാഗമായി സ്വാഗത സന്ദേശങ്ങള്‍ വഹിച്ചുകൊണ്ട് ബോയിംഗ് ബി 787-9 ഇനത്തില്‍ പെട്ട വിമാനം വിവിധ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തും. സൗദിയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളും പദ്ധതികളും ഇന്‍-ഫ്‌ളൈറ്റ് വിനോദ സംവിധാനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന വിമാനം നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
സൗദി ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന വ്യതിരിക്ത യാത്രാനുഭവം നല്‍കുക എന്നതാണ് സൗദി ടൂറിസം അതോറിറ്റിയുമായുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് സൗദിയ ഗ്രൂപ്പ് സി.ഇ.ഒ ഇബ്രാഹിം അല്‍ഉമര്‍ വിശദീകരിച്ചു. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നത് സംയുക്ത പദ്ധതികളുടെ വിജയം സ്ഥിരീകരിക്കുന്നു. ഇത് വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെ പിന്തുണക്കുകയും സന്ദര്‍ശകര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നതായി ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.
സൗദിയയുമായുള്ള സഹകരണം നൂതനമായ പ്രമോഷണല്‍ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുകയും ഓരോ യാത്രയെയും സൗദി അറേബ്യയുടെ ആത്മാവിനെ തൊട്ടറിയുന്ന അനുഭവമാക്കി മാറ്റുകയാണ് തങ്ങൾ ചെയ്യുന്നതെന്നും സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹുമൈദുദ്ദീന്‍ വ്യക്തമാക്കി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, വ്യോമ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക, ടൂറിസം 2025 പോലുള്ള ആഗോള പരിപാടികളില്‍ പങ്കെടുക്കുക എന്നിവ ഈ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നതായും സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ പറഞ്ഞു. യാത്രക്കാരില്‍ നിന്നും ടൂറിസ്റ്റുകളില്‍ നിന്നും വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ലഭ്യമാക്കുക, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, വ്യോമ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക എന്നിവയുള്‍പ്പെടെ ഏതാനും സംരംഭങ്ങള്‍ സൗദിയയും സൗദി ടൂറിസം അതോറിറ്റിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു. ആഗോള ടൂറിസം ഭൂപടത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ സഹായിക്കുന്ന ടൂറിസം 2025 പോലുള്ള ആഗോള പരിപാടികളിലും ഇരു വിഭാഗവും സഹകരിക്കുന്നുണ്ട്.



