- പ്രമേയത്തെ അനുകൂലിച്ച് 124 രാജ്യങ്ങള്‍, എതിര്‍ത്ത് 14 രാജ്യങ്ങള്‍, 43 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു
ജിദ്ദ – അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രായിലിന്റെ നിയമ വിരുദ്ധ സാന്നിധ്യം ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും സ്വയം നിര്‍ണയത്തിനുമുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പുവരുത്തുന്ന നിലക്ക് അറബ് സമാധാന പദ്ധതിക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വകവും സമഗ്രവുമായ പരിഹാരമുണ്ടാക്കാന്‍ പ്രായോഗികവും വിശ്വാസയോഗ്യവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ഫലസ്തീനിലെ ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും സ്വാഗതം ചെയ്തു. അടിയന്തിര അസാധാരണ സെഷനിലാണ് ജനറല്‍ അസംബ്ലി പ്രമേയം മഹാഭൂരിപക്ഷത്തോടെ അംഗീകരിച്ചത്. ജൂതകുടിയേറ്റ കോളനി വിപുലീകരണവും ഭൂമിശാസ്ത്രപമായ മാറ്റംവരുത്തലുകളും ഉള്‍പ്പെടെയുള്ള ഇസ്രായിലിന്റെ നടപടികള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. ഇവക്ക് പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ ഒരു അംഗീകാരവും ലഭിക്കുന്നില്ല. യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹം നിറവേറ്റണം. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെ അവിഭാജ്യ ഘടകമായി തുടരും. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന് ഉറച്ച നിലപാടാണുള്ളത്. 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശത്തെയും ജി.സി.സി ശക്തമായി പിന്തുണക്കുന്നതായും ജാസിം അല്‍ബുദൈവി പറഞ്ഞു.
കുവൈത്തും മറ്റു നിരവധി അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും അറബ് പാര്‍ലമെന്റും യൂറോപ്യന്‍ യൂനിയനും യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയത്തെ സ്വാഗതം ചെയ്തു. യൂറോപ്യന്‍ യൂനിയന്റെ ദീര്‍ഘകാല പൊതുനിലപാടുകള്‍ക്കും യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങള്‍ക്കും അനുസൃതമായി, 1967 ലെ അതിര്‍ത്തികളിലെ മാറ്റങ്ങളെ യൂറോപ്യന്‍ യൂനിയന്‍ അംഗീകരിക്കില്ലെന്നും 1967 മുതല്‍ കൈയടക്കിയ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായിലിന്റെ പരമാധികാരം അംഗീകരിക്കില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശനയകാര്യ മേധാവി ജോസെപ് ബോറല്‍ പറഞ്ഞു. യു.എന്‍ രക്ഷാ സമിതി, ജനറല്‍ അസംബ്ലി പ്രമേയങ്ങള്‍ക്കനുസൃതമായി, ഇസ്രായിലുമായി സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം അവര്‍ക്ക് നല്‍കാനുള്ള പ്രതിജ്ഞാബദ്ധത പുതിയ പ്രമേയത്തിലൂടെ യു.എന്‍ ജനറല്‍ അസംബ്ലി ശക്തമായി ഊന്നിപ്പറയുന്നതായും ജോസെപ് ബോറല്‍ പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനകം ഇസ്രായില്‍ പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 124 വോട്ടുകളോടെയാണ് യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്. ജര്‍മനി അടക്കം 43 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇസ്രായിലും അമേരിക്കയും മറ്റു 12 രാജ്യങ്ങളും പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 193 രാജ്യങ്ങളാണുള്ളത്. ഹംഗറി, അര്‍ജന്റീന, ചെക്ക് റിപ്പബ്ലിക്, ഫിജി, മലാവി, മൈക്രോനേഷ്യ, പപ്പുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ, ടുവലു, നൗറു, പലാവു എന്നീ രാജ്യങ്ങളാണ് അമേരിക്കക്കും ഇസ്രായിലിനും പുറമെ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തത്.