ലണ്ടന്‍ – കേംബ്രിഡ്ജിന്റെ തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസില്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരുന്ന 21 കാരനായ സൗദി വിദ്യാര്‍ഥി മുഹമ്മദ് യൂസുഫ് അല്‍ഖാസിം അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ബ്രിട്ടീഷ് പോലീസ് വിശദമായ അന്വേഷണം തുടരുന്നു.
വെള്ളിയാഴ്ച രാത്രി 11.30 ന്, ഏകദേശം 10 മിനിറ്റ് നടക്കേണ്ട ദൂരമുള്ള തന്റെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, കുറ്റവാളികള്‍ കൃത്രിമമായുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുറ്റവാളികളില്‍ ഒരാള്‍ മില്‍ പാര്‍ക്ക് പ്രദേശത്തു വെച്ച് മുഹമ്മദ് അല്‍ഖാസിമുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് യുവാവിനെ മാരകമായി കുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്. അറസ്റ്റിലായ രണ്ടു പ്രതികളും ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരില്‍ ഒരാള്‍ക്ക് 21 വയസും രണ്ടാമന് 50 വയസുമാണ് പ്രായം.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മുഹമ്മദ് അല്‍ഖാസിം, മികച്ച ധാര്‍മികബോധമുള്ള വിദ്യാര്‍ഥിയായിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസ് അഡ്മിനിസ്‌ട്രേഷന്‍ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.