ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ഹരഥ് റോഡില്‍ ശക്തമായ കൊടുങ്കാറ്റില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടതിനെത്തുടർന്ന് മറ്റ് വാഹനങ്ങൾക്കൊപ്പം സിഗ്നൽ ലൈറ്റുകൾ തെളിയിച്ച് നിർത്തിയിട്ടിരുന്ന ലോറിയാണ് കാറ്റിന്റെ ശക്തിയിൽ മറിഞ്ഞത്. തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം നെറ്റ്‌വർക്കിലുണ്ടായ സാങ്കേതിക തകരാറുകളാണ് വൈദ്യുതി സ്തംഭനത്തിന് കാരണമായത്. സൗദി ഇലക്ട്രിസിറ്റി കമ്പനി ജീവനക്കാർ അടിയന്തരമായി ഇടപെട്ട് തകരാറുകൾ പരിഹരിച്ചതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
അതേസമയം, അൽഹസയിലെ സൽവ, ബത്ഹ റോഡുകളിൽ അനുഭവപ്പെട്ട അത്യപൂർവ്വമായ മഞ്ഞുവീഴ്ച ജനങ്ങൾക്ക് കൗതുകകരമായ കാഴ്ചയായി. യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ ഈ കാലാവസ്ഥ ആസ്വദിക്കാനായി നിരവധി യാത്രക്കാരാണ് വാഹനങ്ങൾ നിർത്തി പുറത്തിറങ്ങിയത്. അൽഹസ പോലുള്ള മേഖലകളിൽ മഞ്ഞുവീഴ്ച ഉണ്ടാകുന്നത് വളരെ അപൂർവ്വമായ പ്രതിഭാസമായാണ് കണക്കാക്കപ്പെടുന്നത്.



